# ഇന്ന് അക്ഷരമഹർഷി പി.എൻ. പണിക്കരുടെ 24-ാം ചരമവാർഷികം

ആലപ്പുഴ/അമ്പലപ്പുഴ: കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല അല്ലെങ്കിലും ഒന്നാം നമ്പർ രജിസ്ട്രേഷന്റെ

തിളക്കത്തിലാണ് അമ്പലപ്പുഴ പി.കെ.എം ഗ്രന്ഥശാല. സാഹിത്യ പഞ്ചാനനൻ പി.കെ.നാരായണപിള്ളയുടെ സ്മരണാർത്ഥം അക്ഷരമഹർഷി പി.എൻ.പണിക്കർ അമ്പലപ്പുഴയിൽ 1938ൽ സ്ഥാപിച്ച ഈ ഗ്രന്ഥശാലയുടെ മഹത്വത്തിന് തലമുറകളുടെ പഴക്കമുണ്ട്. തലമുറകളോളം അത് നിലനിൽക്കുകയും ചെയ്യുമെന്നുറപ്പ്.

കുട്ടനാട്ടിലെ നീലംപേരൂരിൽ നിന്ന് അമ്പലപ്പുഴയിലേക്ക്

എൽ.പി സ്കൂൾ അദ്ധ്യാപകനായി എത്തിയ പി.എൻ. പണിക്കർ

ക്ഷേത്രത്തിനടുത്ത് ഒരു രൂപ വാടകയ്ക്കെടുത്ത ഓല ഷെഡിലായിരുന്നു വായനശാലയ്ക്ക് തുടക്കം കുറിച്ചത്. സ്ഥാപക സെക്രട്ടറിയും അദ്ദേഹമായിരുന്നു. 1945ൽ പണിക്കരുടെയും സുഹൃത്തുക്കളുടെയും പരിശ്രമ ഫലമായി 2 സെന്റ് സ്ഥലം വാങ്ങി സ്വന്തം കെട്ടിടത്തിൽ ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചു. അന്നത്തെ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യരായിരുന്നു ഉദ്ഘാടനം. യോഗത്തിൽ പി.എൻ.പണിക്കരെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു. 1996 ൽ ആലപ്പുഴ ജില്ലയിലെ മോഡൽ വില്ലേജ് ലൈബ്രറിയായി തിരഞ്ഞെടുത്തതും ഈ ഗ്രന്ഥശാലയെയാണ്. 1997ലെ പ്രഥമ ഇ.എം.എസ് പുരസ്കാരം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ നിന്നു ലഭിച്ചു.നിരവധി റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പടെ നാൽപ്പതിനായിരത്തിൽപരം ഗ്രന്ഥങ്ങൾ ഇവിടുണ്ട്. 30 ഓളം ആനുകാലിക പ്രസിദ്ധീകരണങ്ങളും.

ജന്മഗ്രാമമായ നീലംപേരൂരിലെ ആൽത്തറയിൽ നാട്ടിലെ മുതിർന്നവരെ വിളിച്ചുകൂട്ടി പത്രം വായിച്ച് കേൾപ്പിച്ചിരുന്നത് പണിക്കരുടെ ശീലമായിരുന്നു. ഇവിടെ 1928ൽ സനാതനധർമ്മം എന്നപേരിൽ ഒരു വായനശാല രൂപീകരിച്ചു. വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം അമ്പലപ്പുഴയിലെ പെൺപള്ളിക്കൂടത്തിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഇതോടെ താമസം അമ്പലപ്പുഴയിലേക്ക് മാറ്റി. തുടർന്ന് പി.കെ.നാരായണപിള്ളയുടെ പേരിൽ അമ്പലപ്പുഴ ക്ഷേത്രത്തിന് കിഴക്കേനടയിൽ പ്രവർത്തിച്ച വായനശാലയുടെ ഭരണ ചുമതല ഏറ്റെടുത്തു. പിന്നീട് അദ്ദേഹത്തിന്റെ സ്മരണാർത്ഥം അമ്പലപ്പുഴയിൽ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയ്ക്ക് രൂപം നൽകി. ഈ സമയത്താണ് തിരുവിതാംകൂർ ഗ്രന്ഥശാലയ്ക്കും കൊച്ചി തിരുവിതാംകൂറിൽ ലയിച്ചപ്പോൾ തിരുക്കൊച്ചി ഗ്രന്ഥശാലയ്ക്കും മലബാർ കൂടി സംയോജിച്ചതോടെ കേരളഗ്രന്ഥശാലയ്ക്കും പണിക്കർ രൂപം നൽകിയത്. 1945ൽ 47 വായനശാലകളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ കേരള ഗ്രന്ഥശാല സംഘത്തിന് രൂപം നൽകിയത് അമ്പലപ്പുഴ പി.കെ.എം ഗ്രന്ഥശാലയിലായിരുന്നു.

കേരള ഗ്രന്ഥശാല സംഘത്തിലെ 9000ൽ അധികം വായനശാലകളിൽ ഒന്നാം നമ്പർ രജിസ്ട്രേഷൻ പി.കെ.എം ഗ്രനകഥശാലയ്ക്കാണ്. കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപക സെക്രട്ടറിയായതോടെ പി.എൻ.പണിക്കർ താമസം തിരുവനന്തപുരത്തേക്ക് മാറ്റി. ഈ കാലഘട്ടത്തിലാണ് 'ക്രൂഷത' സാക്ഷരതാ പുരസ്‌കാരം പണിക്കർക്ക് നൽകി യുനസ്‌കോ ആദരിച്ചത്. 1977 മുതൽ നിരക്ഷരതാ നിർമ്മാർജ്ജന പ്രവത്തനങ്ങളിൽ പണിക്കരുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു.

1995 ജൂൺ 19നാണ് പണിക്കർ അക്ഷരലോകത്തു നിന്ന് വിടപറഞ്ഞത്. പണിക്കൽ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പി.എൻ.പണിക്കരുടെ ചരമവാർഷികം വായനദിനമായി ആചരിക്കാൻ തീരുമാനിച്ചത്.