ആലപ്പുഴ: പ്രളയം പഠിപ്പിച്ച പാഠങ്ങളിലൊന്നായിരുന്നു അത്. സാനിട്ടറി നാപ്കിനുകൾ നശിപ്പിക്കുന്നതിന്റെ പ്രയാസം. ദുരിതാശ്വാസ ക്യാമ്പുകളിലെ കാര്യമായിരുന്നു കഷ്ടം. നാപ്കിനുകൾ ശേഖരിച്ച് കൊണ്ടുപോയി കത്തിക്കേണ്ടിവന്നു. ആലോചനകൾക്കൊടുവിൽ ആലപ്പുഴ നഗരസഭ പരിഹാരം കണ്ടെത്തി: മെൻസ്ട്രുവൽ കപ്പ്. നഗരസഭ അതിനു പദ്ധതി തയ്യാറാക്കി. തിങ്കൾ എന്നു പേരിട്ടു. 5000 സ്ത്രീകൾക്ക് മെൻസ്ട്രുവൽ കപ്പ് സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി സംസ്ഥാനത്തു തന്നെ ആദ്യം.
സാനിട്ടറി നാപ്കിനുകൾക്കു പകരം ഉപയോഗിക്കാനുള്ളതാണ് മെൻസ്ട്രുവൽ കപ്പ്. അമേരിക്കയാണ് ഇത്തരം കപ്പുകൾ ആദ്യം ഉപയോഗിച്ചത്. ഇവ വൃത്തിയാക്കി ആറു വർഷം വരെ ഉപയോഗിക്കാം. വിദ്യാർത്ഥിനികളാണ് ഉപയോഗിക്കുന്നവരിൽ അധികവും. 10 മുതൽ 12 മണിക്കൂർ വരെ തുടർച്ചയായും സുരക്ഷിതമായും ഉപയോഗിക്കാം. ആദ്യ തവണ ചൂടു വെള്ളത്തിൽ കഴുകണം. ഉപയോഗശേഷം വൃത്തിയായി സൂക്ഷിക്കണം.
കോൾ ഇന്ത്യ ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡാണ് മെൻസ്ട്രുവൽ കപ്പുകൾ നഗരസഭയ്ക്ക് നൽകുന്നത്. പണ്ട് ചാന്ദ്രകാലം നോക്കിയായിരുന്നു ആർത്തവചക്രം കണക്കാക്കിയിരുന്നത്. അതിൽ നിന്നാണ് പദ്ധതിക്ക് തിങ്കൾ എന്ന പേര്. നഗരസഭാ കൗണ്ടറിലും സി.ഡി.എസിന്റെ കൈചൂണ്ടി മുക്കിലെ ഓഫീസിലുമാണ് മെൻസ്ട്രുവൽ കപ്പുകളുടെ വിതരണം. ഓൺലൈൻ വഴി ഒന്നിന് 300 രൂപ വരെയാകും. 90488 07603 എന്ന നമ്പരിൽ വിളിച്ച് സംശയങ്ങൾ തീർക്കാം.
ഒരു സ്ത്രീ ഒരു വർഷം ഏകദേശം 160 സാനിട്ടറി നാപ്കിനുകൾ ഉപയോഗിക്കും. ഒരു മെൻസ്ട്രുവൽ കപ്പ് 800 സാനിട്ടറി നാപ്കിനുകൾക്കു തുല്യം. 5000 മെൻസ്ട്രുവൽ കപ്പുകൾ നഗരത്തിൽ വിതരണം ചെയ്യുന്നതു വഴി 40 ലക്ഷത്തോളം നാപ്കിൻ മാലിന്യവും ഇതു വാങ്ങാനുള്ള ചെലവും ഇല്ലാതാകും.
മെൻസ്ട്രുവൽ കപ്പ്
പരിസ്ഥിതി സൗഹാർദ്ദമായ പദ്ധതി തുടങ്ങിയിട്ട് മൂന്നു ദിവസമേ ആയുള്ളുവെങ്കിലും നല്ല പ്രതികരണം. ഇതുവരെ 246 കപ്പുകൾ വിതരണം ചെയ്തു. ആവശ്യപ്പെട്ട് വരുന്നവർക്കാണ് നൽകുന്നത്'
- എസ്. ജഹാംഗീർ, സെക്രട്ടറി, ആലപ്പുഴ നഗരസഭ