നാടിനെ മുന്നോട്ടു നയിച്ച് കാവുങ്കൽ ഗ്രന്ഥശാല ആൻഡ് വായനശാല
ചേർത്തല : കാവുങ്കലിലെ ചെറുപ്പക്കാർക്ക് ഇപ്പോൾ ടെൻഷനില്ല. ഒരു സർക്കാർ ജോലി സ്വന്തമാക്കാമെന്ന ആത്മവിശ്വാസം അവർക്ക് നൂറിരട്ടിയാണ്. കാവുങ്കൽ ഗ്രന്ഥശാല ആൻഡ് വായനശാലയാണ് പ്രദേശത്ത് പി.എസ്.സി കോച്ചിംഗിന്റെ സാദ്ധ്യതകൾ തുറന്നിട്ടത്.ഇതിലൂടെ വിജയം വരിച്ചവർ നിരവധി. 1966ൽ വിപ്ളവ ഗായിക പി.കെ.മേദിനിയാണ് വായനശാലയിലെ ആദ്യ പി.എസ്.സി ക്ളാസ് ഉദ്ഘാടനം ചെയ്തത്. പിന്നീടൊരു "വിപ്ളകരമായ" മാറ്റമാണ് പ്രദേശത്തുണ്ടായത്. സർക്കാർ ജീവനക്കാരുടെ സ്വന്തം മണ്ണായി കാവുങ്കൽ മാറി. ഇപ്പോൾ ഈ ചെറിയ പ്രദേശത്തു നിന്ന് അറുന്നൂറോളം പേരാണ് സർക്കാർ സർവീസിൽ ജോലിചെയ്യുന്നത്.
അക്ഷരവെളിച്ചം പകരുന്നതിനൊപ്പം നാടിനു വേണ്ടി ഒരു വായനശാലയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്നതിന്റെ ഉത്തരം കൂടിയാണ് ഈ ഗ്രാമീണ വായനശാല.
വായനശാലയുടെ പ്രവർത്തനം തുടങ്ങിയിട്ട് അഞ്ചര പതിറ്റാണ്ടായി. ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള 2018ലെ അവാർഡും ലഭിച്ചു. ശ്യാംമോഹൻ(പ്രസിഡന്റ്),പി.പ്രദീപ്(വൈസ് പ്രസിഡന്റ്),പി.ജി.റെജിമോൻ(സെക്രട്ടറി),പി.ബി.ശെൽവരാജ്(ജോയിന്റ് സെക്രട്ടറി)എന്നിവരാണ് വായനശാലയുടെ ഇപ്പോഴത്തെ ഭാരവാഹികൾ.
അക്ഷരക്കൂട്ടം ബാലവേദി
കഴിഞ്ഞ 20 വർഷമായി അക്ഷരക്കൂട്ടം ബാലവേദി പ്രവർത്തിക്കുന്നു. കുട്ടികളുടെ അയൽക്കൂട്ടങ്ങൾ രൂപീകരിച്ച് ആഴ്ചകളിൽ ഒത്തുകൂടാനും സംവദിക്കാനും വേദിയൊരുക്കി. 4 മുതൽ 12 വയസുവരെയുള്ള കുട്ടികളാണ് ബാലവേദിയിലെ അംഗങ്ങൾ . 30 മുതൽ 50 വരെ കുട്ടികളെ ഉൾപ്പെടുത്തി നാല് അയൽക്കൂട്ടങ്ങളാണ് പ്രവർത്തിക്കുന്നത്. ഓരോ അയൽക്കൂട്ടത്തിനും പ്രസിഡന്റ്,സെക്രട്ടറി,ലൈബ്രേറിയൻ എന്നിവരുണ്ടാകും.ഇവിടെ നിന്നു നൽകുന്ന ബാലസാഹിത്യ കൃതികൾ വായിച്ചശേഷം അടുത്തയാഴ്ച തിരികെ എൽപ്പിക്കുന്നതോടൊപ്പം പുസ്തകത്തിലെ ഉള്ളടക്കം പ്രത്യേക നോട്ടുബുക്കിൽ എഴുതി കൊണ്ടു വന്ന് ചർച്ച ചെയ്യണം.
കുട്ടികൾ വഴിതെറ്റാതെ
കൗമാരക്കാരെ വഴിതെറ്റാതെ മുന്നോട്ട് നയിക്കാൻ വായനശാല പ്രവർത്തകർ ആവിഷ്കരിച്ചതാണ്
ജാലകം എന്ന കൂട്ടായ്മ .12 മുതൽ 19 വയസുവരെയുള്ളവരാണ് ഇതിലെ അംഗങ്ങൾ. അയൽക്കൂട്ടങ്ങളുടെ പ്രവർത്തനങ്ങൾക്ക് സമാന്തരമായി ഇതിന്റെ പ്രവർത്തനങ്ങളും നടക്കും. കൗമാരക്കാർക്കായി വ്യക്തിത്വ വികസന ക്ലാസുകൾ,ലഹരിവിരുദ്ധ ക്ലാസുകൾ,മോട്ടിവേഷൻ ക്ലാസുകൾ,കരിയർ ഗൈഡൻസ് ക്ലാസുകൾ എന്നിവ നടത്തുന്നു.
വായനക്കൊപ്പം കായികമുന്നേറ്റവും
ഗ്രന്ഥശാലയുടെ തന്നെ ഭാഗമായ കാവുങ്കൽ ഗ്രാമീണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രദേശത്തിന്റെ കായികസ്വപ്നങ്ങൾക്ക് നിറം പകരുന്നു. ഫുട്ബാൾ പരിശീലനത്തിനായി ഒരു അക്കാഡമി ഇവിടെ സ്ഥാപിച്ചു. കാവുങ്കൽ ഗ്രാമീണ ഫുട്ബാൾ അക്കാഡമി(കെ.ജി.എഫ്.എ). കാവുങ്കൽ ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള മൈതാനത്തിന്റെ ഒരു ഭാഗമാണ് ഫുട്ബാൾ പരിശീലനത്തിനായി സജ്ജമാക്കിയത്. പൊതുജനങ്ങളിൽ നിന്ന് 8 ലക്ഷത്തോളം രൂപ സമാഹരിച്ച് 41 ദിവസം മാത്രമെടുത്താണ് മൈതാനം നിർമ്മിച്ചത്.കഴിഞ്ഞ ഏപ്രിൽ 10നായിരുന്നു ഉദ്ഘാടനം. ഇവിടെ 60 ഓളം കുട്ടികൾ പരിശീലനം നടത്തുന്നു..പ്രശാന്ത് ഗോപിനാഥ് ( പ്രസിഡന്റ് ),ടി.ആർ.രാഹുൽ (സെക്രട്ടറി), എം.വി.സുരേഷ് (രക്ഷാധികാരി) എന്നിവരടങ്ങിയ ഭരണസമിതിയാണ് ക്ളബിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.