ആലപ്പുഴ: വേണ്ടത്ര സൗകര്യമില്ലാതെ വീർപ്പുമുട്ടുകയാണ് ആലപ്പുഴ നഗരസഭാ ലൈബ്രറി. ദ്രവിച്ച മച്ചിൽ നിന്ന് തടിക്കഷ്ണങ്ങൾ ഏതു നിമിഷവും തലയിൽ പതിക്കാമെന്നതാണ് അവസ്ഥ.
1946ൽ ആണ് നഗരസഭ പബ്ലിക് ലൈബ്രറി പ്രവർത്തനം തുടങ്ങിയത്. നഗരസഭയുടേതു കൂടാതെ ലൈബ്രറി കൗൺസിലിന്റെ ഗ്രാന്റും ലഭിക്കുന്നുണ്ട്. പക്ഷേ, അസൗകര്യങ്ങൾ വലിയൊരു പോരായ്മയായി തുടരുന്നു. നഗരചത്വരത്തോടു ചേർന്നുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. പ്രായമുള്ള അംഗങ്ങൾക്ക് ലൈബ്രറി ഹാളിലെത്താൻ അസൗകര്യമുണ്ട്.
താഴത്തെ നിലയിൽ എൽ.ബി.എസ് സെന്ററാണ് പ്രവർത്തിക്കുന്നത്. കെട്ടിടം മുഴുവൻ വായനശാലയ്ക്ക് ലഭ്യമായാൽ ഏറെ ഗുണപ്രദമാകുമെന്ന് അംഗങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ 2500 പേർക്കാണ് അംഗത്വമുള്ളത്. 1000 പേരെങ്കിലും പതിവായി ബുക്ക് എടുക്കാൻ എത്താറുണ്ട്. എ,ബി,സി എന്നീ വിഭാഗങ്ങളിലാണ് അംഗത്വം നൽകുന്നത് . ആജീവനാന്ത അംഗത്വവും ഉണ്ട്. നഗരസഭ പരിയിലുള്ളവർക്ക് മാത്രമാണ് അംഗത്വം ലഭിക്കുന്നത്. വിദ്യാർത്ഥികൾ മാത്രമാണ് സി ക്ലാസിൽ ഉൾപ്പെടുന്നത്. നഗരവാസിയല്ലെങ്കിലും നഗരത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പ്ലസ്ടു വരെ അംഗത്വം നൽകും.