ആലപ്പുഴ: പവർലിഫ് റ്റിംഗിൽ ദേശീയ, ഏഷ്യൻ താരങ്ങളുടെ മക്കൾക്ക് ആലപ്പുഴയിൽ നടന്ന ജൂനിയർ ദേശീയ പവർലിഫ് റ്റിംഗിൽ ദേശീയ റെക്കോഡ്. ആലപ്പുഴ എസ്.ഡി കോളേജിലെ പി.ജി വിദ്യാർത്ഥിനി അനിറ്റ ജോസഫ് 47കിലോയിലും സഹോദരി പ്ളസ് ടു വിജയിച്ച അലിനി ജോസഫ് 43 കിലോയും ഉയർത്തിയാണ് റെക്കോഡ് ഇട്ടത്.
21കാരിയായ അനിറ്റ ജോസഫ് 15 താരങ്ങളെ പിന്നിലാക്കിയാണ് ചാമ്പ്യൻഷിപ്പ് നേടിയത്. 10 പേരെ പിന്നിലാക്കിയാണ് അലിനി ജോസഫ് ഒന്നാമത് എത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി കേരള സ്പോർട്സ് കൗൺസിൽ കോച്ച് സുരാജ് സുരേന്ദ്രന്റെ ശിക്ഷണത്തിലാണ് പരിശീലനം. അച്ഛൻ ജോസഫ് പവർലിഫ്റ്റിംഗിൽ ദേശീയതലത്തിലും അമ്മ പുഷ്പമ്മ ജോസഫ് ദേശീയ, ഏഷ്യൻ താരവുമാണ്. ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടാണ് പുഷ്പമ്മ. സ്വന്തമായി ജിംനേഷ്യം നടത്തുകയാണ് ജോസഫ്. തുടക്കത്തിൽ രക്ഷാകർത്താക്കളായിരുന്നു പരിശീലകർ. ആലപ്പി ജിംനേഷ്യത്തിലാണ് ഇരുവരും ഇപ്പോൾ പരിശീലനം നടത്തുന്നത്. അടുത്ത മാസം നടക്കുന്ന വേൾഡ് യൂണിവേഴ്സിറ്റി പവർലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അനിറ്റ ജോസഫ്. 1.75 ലക്ഷത്തോളം ചെലവാകും. സ്പോൺസർമാരെ ആരെയും കിട്ടാത്തതിന്റെ നിരാശയിലാണ് കുടുംബം.