റവന്യൂടവറിന്റേയും, പൊലീസ് ക്വാർട്ടേഴ്‌സിന്റേയും ഉദ്ഘാടനം 21ന്
ഹരിപ്പാട് : വിവിധ ആവശ്യങ്ങൾക്കായി ഓരോ ഓഫീസുകളിൽ കയറിയിറങ്ങി ഇനി ബുദ്ധിമുട്ടേണ്ട. എല്ലാ സേവനവും ഒരു കുടക്കീഴിൽ ലഭിക്കും. ഹരിപ്പാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന മുപ്പതോളം സർക്കാർ ഓഫീസുകളാണ് പുതിയതായി നിർമ്മിച്ച റവന്യൂ ടവറിലേക്ക് മാറുന്നത്.കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹരിപ്പാട് റവന്യൂടവർ നിർമ്മാണത്തിന് പണം അനുവദിച്ചത്.
റവന്യൂടവറിന്റേയും, പൊലീസ് ക്വാർട്ടേഴ്‌സിന്റേയും ഉദ്ഘാടനം 21ന് വൈകിട്ട് 3ന് നടക്കും. ടവന്യൂ ടവർ അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷേനേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷനാകും. റവന്യൂടവറിനുള്ളിൽ ക്രമീകരിച്ചിട്ടുള്ള കാർത്തികപ്പള്ളി താലൂക്ക് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.സുധാകരനും, റവന്യൂടവർ കെട്ടിടസമുച്ചയത്തിന്റെ താക്കോൽ കൈമാറ്റം ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദും നിർവ്വഹിക്കും. എം.പിമാരായ എ.എം ആരിഫ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ യു.പ്രതിഭ, തോമസ് ചാണ്ടി, വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാർ എന്നിവർ സംസാരിക്കും.
ഏഴു നിലകൾ
കച്ചേരി ജംഗ്‌ഷനിൽ ഏഴ് നിലകളിലാണ് റവന്യൂ ടവർ. 40000 ചതുരശ്ര അടി വിസൃതിയുണ്ട്. നബാർഡ് സഹായത്തോടെ ഹൗസിംഗ് ബോർഡാണ് കെട്ടിടം പണികഴിപ്പിച്ചത്.17 കോടി 32 ലക്ഷം രൂപ ചെലവായി. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിലെ 32 ലക്ഷം രൂപയും വിനിയോഗിച്ചു. താലൂക്ക് ഒാഫീസ് എക്സൈസ്, നികുതി, ലേബർ, റീ സർവേ, കൃഷി, വില്ലേജ് ഓഫീസുകൾ ഇനി റവന്യൂ ടവറിലേക്ക് മാറും. 250 പേർക്ക് ഇരിക്കാവുന്ന മിനി കോൺഫറൻസ് ഹാളും ടവറിലുണ്ട്.. മൂന്നാം നിലയിലായിരിക്കും താലൂക്ക് ഓഫീസിന്റെ പ്രവർത്തനം. ഭാവിയിൽ റവന്യൂ ടവറിൽ സോളാർ പാനൽ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
സ്ട്രോംഗ് റൂം പൈതൃക സ്മാരകം
ഹരിപ്പാട് സബ്ട്രഷറിയിൽ നടന്നുവരുന്ന നിറപുത്തരി ചടങ്ങുകൾ സർക്കാർ സഹായത്തോടെ തന്നെ തുടർന്നും നടത്തും. സബ്ട്രഷറിയുടെ പഴയ സ്‌ട്രോംഗ് റൂം പൈതൃകസ്മാരകമായി സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.