ഹരിപ്പാട്: താലൂക്ക് ആശുപത്രിയിലെ കാരുണ്യ ഫാർമസിയുടെ മുൻവശം മഴവെള്ളം കെട്ടിക്കിടന്ന് ചെളിക്കുഴി രൂപപ്പെട്ടിട്ടും നടപടിയില്ലാത്തത് രോഗികളെ വലയ്ക്കുന്നു. ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നവർക്ക് ഒരു പരിധി വരെ ആശ്വാസമാണ് കാരുണ്യ ഫാർമസിയുടെ പ്രവർത്തനം.
മരുന്നുകൾക്ക് കാര്യമായ വിലക്കുറവുള്ളതിനാൽ പുറത്തുള്ള മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്നുകൾ കൂടിയ വില കൊടുത്ത് വാങ്ങാതിരിക്കുവാൻ ഇത് സഹായകരമാണ്. സാധാരണക്കാരായ ,സാമ്പത്തിക ഭദ്രത കുറഞ്ഞവർക്കാണ് കാരുണ്യയുടെ പ്രവർത്തനം ഏറെ ആശ്വാസമാകുന്നത്. ഫാർമസിയിലേക്ക് കയറി വരുവാനുള്ള മുറ്റത്താണ് മഴയെത്തുടർന്ന് വെള്ളക്കെട്ടുള്ളത്. ഇരുവശത്തും ചങ്ങലയിട്ട് പ്രവേശനം തടഞ്ഞിട്ടുള്ളതിനാൽ വെള്ളത്തിൽ ചവിട്ടാതെ ഫാർമസിയിലേക്ക് കടന്നു വരാൻ മറ്റു മാർഗമില്ല.
രണ്ടു ദിവസമായി മഴ മാറി നിൽക്കുന്നതിനാൽ വെള്ളക്കെട്ടിന് കുറവുണ്ടെങ്കിലും മഴ ശക്തമാകുന്നതോടെ സ്ഥിതി മാറും. പ്രായമുള്ളവരും മറ്റും ഫാർമസിയിലേക്ക് മരുന്നു വാങ്ങുവാൻ വരുമ്പോൾ ചെളി നിറഞ്ഞ ഇവിടെ ചവിട്ടി വീഴാനുള്ള സാദ്ധ്യതയുണ്ട്. സംഭവം ആശുപത്രി സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്. നടപടി ഉണ്ടാകാത്ത പക്ഷം റവന്യൂ ടവർ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുമ്പോൾ പരാതി നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ് രോഗികളുടെ ആശ്രിതർ.
ആശുപത്രി വികസന സമിതിയുടെ ഫണ്ടിൽ നിന്നോ മറ്റോ കുറച്ച് പണമെടുത്ത് കുറച്ച് മണ്ണ് ഇട്ടാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള നഗരസഭയ്ക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്ന് നാട്ടുകാർ പറയുന്നു.