ആലപ്പുഴ: വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ കൊലപ്പെടുത്തിയ സുഹൃത്തായ ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ അജാസിന്റെ (33) ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ലിബിയയിലുള്ള, സൗമ്യയുടെ ഭർത്താവ് സജീവ് ഇന്ന് നാട്ടിലെത്തും. സംസ്കാരം നാളെ രാവിലെ 10ന് ശേഷം വീട്ടുവളപ്പിൽ നടക്കും.
ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 9ന് വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വിലാപയാത്രയായി ഊപ്പൻതറ വീട്ടിൽ എത്തിക്കും.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജാസിന്റെ വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം സാധാരണ നിലയിലല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡയാലിസിസ് ആരംഭിച്ചിരുന്നു. രക്തസമ്മർദത്തിൽ ഉണ്ടായ വ്യതിയാനം മൂലം ഇന്നലെ ഡയാലിസിസ് നടന്നില്ല. അജാസിനെ കാണാൻ ബന്ധുക്കൾ ഇന്നലെയാണ് ആശുപത്രിയിൽ എത്തിയത്. സഹായികൾ ആരും ഇല്ലാത്തതിനാൽ ആശുപത്രി അധികൃതരാണ് ഇയാളെ പരിചരിക്കുന്നത്. 60 ശതമാനത്തോളം പൊള്ളലുണ്ട്. തീവ്രപരിചരണ ഐസൊലേഷൻ വാർഡിൽ കഴിയുന്ന അജാസ് ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ പറഞ്ഞു.