# സഞ്ചാരികളുടെ വരവ് കുറയുന്നു

ആലപ്പുഴ: നിപയുടെയും പ്രളയത്തിന്റെയും ഭീതി അകന്നിട്ടും ജില്ലയിലെ മൺസൂൺ ടൂറിസം വേണ്ടത്ര ഉഷാറാകുന്നില്ല. സഞ്ചാരികളുടെ വരവിന്റെ ഗ്രാഫ് കഴിഞ്ഞ മാസം കുതിക്കുകയായിരുന്നു. പക്ഷേ, നിലവിൽ താഴേക്കാണ് പോക്ക്. ആഗസ്റ്റിലെ നെഹ്രുട്രോഫിയിലേക്ക് സീസൺ തുഴഞ്ഞെത്തുമ്പോൾ മാത്രമേ ഇക്കുറി ഇനി രക്ഷയുള്ളൂ എന്നാണ് ടൂറിസം സംരംഭകരുടെ നിരീക്ഷണം.

കഴിഞ്ഞ വർഷം മൺസൂൺ ടൂറിസത്തെ പ്രളയം സാരമായി ബാധിച്ചു. ഇക്കുറി സഞ്ചാരികളുടെ ഒഴുക്ക് പ്രതീക്ഷിച്ചെങ്കിലും ബുക്കിംഗ് വളരെ മോശം. ഗൾഫ് രാജ്യങ്ങളിൽ ചൂട് കനക്കുന്ന സമയങ്ങളിൽ കായൽ സഞ്ചാരത്തിനായി ആലപ്പുഴയിലെത്തുന്ന സ്ഥിരം ടൂറിസ്റ്റുകളുണ്ട്. പ്രവാസി മലയാളികളും മൺസൂൺ ടൂറിസത്തിന്റെ ഭാഗമായിരുന്നു. മഴയുടെ ഭംഗി ആസ്വദിക്കാൻ എത്തുന്ന വിദേശികൾക്ക് മാത്രമായി മിക്ക ആയുർവേദ ചികിത്സാ കേന്ദ്രങ്ങളും കർക്കിടത്തിന് മുമ്പ് തന്നെ പ്രത്യേക പാക്കേജുകൾ ആരംഭിച്ചിരുന്നു.

ടൂറിസം അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന കച്ചവടക്കാരെയും സഞ്ചാരികളുടെ മെല്ലെപ്പോക്ക് സാരമായി ബാധിക്കുന്നുണ്ട്. മഴക്കാലത്ത്കുട്ടനാട്ടിലെ ഒരു വിഭാഗം ആളുകൾക്ക് വരുമാനമാർഗമായിരുന്നു ടൂറിസം മേഖല.

..........................................

# സ്പെഷ്യൽ പാക്കേജ്

മുൻ കാലങ്ങളിൽ മൺസൂൺ ആഘോഷിക്കാൻ 30 ശതമാനം വരെ കിഴിവ് പല ഹൗസ്ബോട്ട് ഉടമകളും നൽകിയിരുന്നു. ഇത്തവണ മേഖലയുടെ നഷ്ടം കണക്കിലെടുത്ത് ഒരു പാക്കേജും മൺസൂൺ ടൂറിസത്തിന് നൽകുന്നില്ല. 1500 ഹൗസ് ബോട്ടുകളാണ് ജില്ലയിൽ സർവീസ് നടത്തുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സഞ്ചാരികൾ എത്താറുണ്ടെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ്. മൺസൂൺ ടൂറിസം കൈവിടുന്ന ലക്ഷണമാണെങ്കിലും വള്ളംകളി, ഒാണം എന്നിവയിലൂടെ സീസൺ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഹൗസ്ബോട്ട് ഉടമകൾ.

.....................................................

'മൺസൂൺ ടൂറിസത്തിലെ ഏറ്റവും ആകർഷണീയത ഹൗസ് ബോട്ടുകളാണ്. എന്നാൽ വൈകുന്നേരങ്ങളിലെ കാറ്റും മഴയും ഹൗസ് ബോട്ടുകളെ ബാധിക്കുന്നുണ്ട്. വൈകിട്ട് നാലിന് സർവ്വീസ് നിറുത്തേണ്ട അവസ്ഥയിലാണ് ഹൗസ്ബോട്ടുകൾ'

(എം. മാലിൻ, ഡി.ടി.പി.സി സെക്രട്ടറി)

....................................................

'ഇത്തവണ മൺസൂൺ ടൂറിസത്തിൽ ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം മിക്ക ബോട്ടുകൾക്കും നല്ല ബുക്കിംഗ് കിട്ടിയിരുന്നു. ഓഫറുകളൊന്നും നൽകാനാവാത്ത അവസ്ഥയിലാണ് മേഖല'

(കെ.വിജയൻ, ഹൗസ് ബോട്ട് ഒാണേഴ്സ് അസോസിയേഷൻ സെക്രട്ടറി)