അമ്പലപ്പുഴ / തൃക്കാക്കര : വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സൗമ്യ പുഷ്പാകരനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനും നെയ്വേലി വീട്ടിൽ അബ്ദുൽ ഹമീദിന്റെയും നസീറയും മകനുമായ അജാസും (33) മരിച്ചു. സൗമ്യയെ കൊലപ്പെടുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു മരണം.
ശ്വാസകോശത്തിലുണ്ടായ അണുബാധയും ന്യുമോണിയയുമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. വയറിലെ ഗുരുതരമായ പൊള്ളലിൽ നിന്നുണ്ടായ അണുബാധ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. രക്തസമ്മർദ്ദം കുറവായിരുന്നതിനാൽ ഡയാലിസിസ് സാദ്ധ്യമായില്ല. രക്തസമ്മർദ്ദം കൂട്ടാൻ മരുന്ന് കുത്തിവച്ചെങ്കിലും ശരീരം പ്രതികരിച്ചില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
15ന് വൈകിട്ടാണ് അജാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ബന്ധുക്കളെത്തിയിരുന്നെങ്കിലും കാണാൻ അജാസ് തയ്യാറായില്ല. മരണവിവരമറിഞ്ഞ് അജാസിന്റെ ഇരട്ട സഹോദരൻ അനസും രണ്ട് ബന്ധുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിലെത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് പടമുഗൾ പള്ളി കബർസ്ഥാനിൽ കബറടക്കും.
സൗമ്യയുടെ
സംസ്കാരം ഇന്ന്
സൗമ്യയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ നടക്കും. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗമ്യ ജോലി ചെയ്തിരുന്ന വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ രാവിലെ ഒമ്പതിന് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഇലിപ്പക്കുളം കാമ്പിശേരി കരുണാകരൻ ഗവ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സിയുടെ നേതൃത്വത്തിൽ വിലാപയാത്രയായി വള്ളികുന്നം തെക്കേമുറി ഊപ്പൻ വിളയിൽ വീട്ടിലെത്തിക്കും. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിലാണ് സംസ്കാരം.