ആലപ്പുഴ : കടൽഭിത്തി നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. ജനപ്രതിനിധികൾ ആലപ്പുഴ ഇറിഗേഷൻ ഓഫിസ് ഉപരോധിച്ചു. തീരസംരക്ഷണത്തിനായി കല്ലടുക്കിയുള്ള പ്രവൃത്തികൾ മൂന്ന് ദിവസത്തിനകം തുടങ്ങുമെന്ന് അധികൃതർ നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ജില്ലാ പഞ്ചായത്ത് അംഗം എ.ആർ.കണ്ണൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എം.കബീർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ.ഷിനോയ്, ബി.ശ്യാംലാൽ, പി.പ്രസാദ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.ദിൽജിത്ത് എന്നിവർ നേതൃത്വം നൽകി. ഡിവൈ.എസ്.പി പി.വി.ബേബിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സമരക്കാരുമായും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ചനടത്തി. കല്ലടുക്കൽ പ്രവൃത്തിക്ക് കരാറുകാരെ ചുമതലപ്പെടുത്തിയെന്ന് രേഖാമൂലം ഉറപ്പ് കിട്ടിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.