kadal

 ഒറ്റമശേരിയിൽ കടലിൽ നിൽപ്പ് സമരം

ചേർത്തല : കടലാക്രമണ ഭീഷണി നേരിടുന്ന ഒ​റ്റമശേരിയിൽ കടൽഭിത്തി നിർമ്മിക്കുമെന്നുള്ള ഉറപ്പ് അധി​കൃതർ പാലിക്കാത്തതിനെതിരെ സമരവുമായി പ്രദേശവാസികൾ രംഗത്ത്. ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ ഒ​റ്റമശേരി കടലിൽ ഇന്നലെ നിൽപ്പ് സമരം നടത്തി. ഇരുപതോളം വൈദികർ ഉൾപ്പെടെ നൂറുകണക്കിന് പേർ സമരത്തിൽ പങ്കാളികളായി.

ഒ​റ്റമശേരി പള്ളിയിൽ നിന്ന് പ്ളക്കാർഡുകളും മുദ്റാവാക്യം വിളികളുമായി പ്രതിഷേധ റാലിയോടെയാണ് സമരം ആരംഭിച്ചത്. തുടർന്ന് രൂപതയിലെ വൈദികരും അൽമായരും ഉൾപ്പെടെയുള്ളവർ കടലിൽ ഇറങ്ങി കൈകോർത്തു നിന്ന് പ്രതീകാത്മക കടൽഭിത്തി നിർമ്മിച്ചു. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ഒരു മണിക്കൂറോളം സമരം തുടർന്നു.ഫാ. തോബിയാസ് തെക്കേപാലയ്ക്കൽ ഉദ്ഘാടനം ചെയ്തു.ഫാ.സേവ്യർ കുടിയാംശേരി,ഫാ.ക്രിസ്​റ്റഫർ അർത്ഥശേരി,ഫാ.ജോൺസൺ പുത്തൻപുരയ്ക്കൽ,ഫാ.സെബാസ്​റ്റ്യൻ പുന്നയ്ക്കൽ,ജോൺ ബ്രിട്ടോ,ജെയിംസ് ചിങ്കുതറ,രാജു ഈരശേരിൽ,എം.ജെ. ഇമ്മാനുവേൽ എന്നിവർ നേതൃത്വം നൽകി.

ഒറ്റമശേരി​യി​ൽ കരിങ്കല്ലിറക്കി തീരം സംരക്ഷണത്തിന് നടപടി സ്വീകരിക്കാമെന്ന് കഴി​ഞ്ഞ ദി​വസം ഇവി​ടെ സന്ദർശനം നടത്തിയ കളക്ടർ എസ്.സുഹാസ് ഉറപ്പ് നൽകിയിരുന്നു. ആദ്യം മണൽ ചാക്കുകൾ നിറച്ച് തീരത്ത് സംരക്ഷണം ഒരുക്കാമെന്നും മൂന്നു ദിവസത്തിനുള്ളിൽ കടൽഭിത്തി നിർമ്മി​ക്കുമെന്നുമായി​രുന്നു ഉറപ്പ്.

ഇതേത്തുടർന്നാണ് പ്രദേശവാസികൾ നടത്തി വന്നി​രുന്ന കുടിൽകെട്ടി സമരം പിൻവലിച്ചത്. എന്നാൽ വാക്ക് പാലിക്കാത്തതിനെ തുടർന്ന് വീണ്ടും സമരവുമായി രംഗത്തെത്തുകയായിരുന്നു.

 ടെൻഡർ എടുക്കാൻ ആളി​ല്ല

കടൽഭിത്തി നിർമ്മാണത്തിനുള്ള കരിങ്കല്ലിറക്കാൻ ടെൻഡർ ക്ഷണിച്ചെങ്കിലും കരാറുകാർ ഇതിൽ പങ്കെടുത്തില്ല. തുടർന്ന് റീടെൻഡറിന് നടപടി സ്വീകരിച്ചെങ്കിലും അതിലും കരാറുകാർ അനുകൂല നിലപാടെടുത്തില്ല. കരിങ്കല്ല് കിട്ടുന്നതിലുള്ള ബുദ്ധിമുട്ടും മുമ്പ് ചെയ്ത ചില പ്രവൃത്തികളുടെ പണം ലഭിക്കുന്നതിലുണ്ടായ കാലതാമസവും ചൂണ്ടിക്കാട്ടിയാണ് കരാറുകാർ പിന്തിരിയുന്നത്. എന്നാൽ, അധികൃതർ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കടൽഭിത്തി നിർമ്മാണം വൈകിപ്പിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു.

രണ്ടു ദിവസത്തിനുളളിൽ കല്ല് ഇറക്കിയില്ലെങ്കിൽ കളക്ടറേറ്റ് സ്തംഭിപ്പിക്കൽ ഉൾപ്പെടെയുള്ള സമരം നടത്തുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി.

പ്രദേശത്ത് കടൽഭിത്തിയില്ലാത്ത 550 മീ​റ്ററോളം സ്ഥലത്തെ പതിനഞ്ചോളം വീടുകളാണ് അപകടഭീഷണിയിലുള്ളത്. ഇവ ഏതു നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. മണൽചാക്കുകളുടെ സംരക്ഷണം മാത്രമാണ് ആകെയുള്ളത്.