ambalapuzha-news

അമ്പലപ്പുഴ : ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് ഇനി കൂട്ടിന് പുസ്തകങ്ങളും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് സർജറി വാർഡിലാണ് ലൈബ്രറി ഒരുങ്ങിയത്. നന്മ എഴുത്തുകൂട്ടം പ്രവർത്തകരാണ് ഇത്തരമൊരു ആശയത്തിനു പിന്നിൽ.

ആശുപത്രി അധികൃതരുടെ പിന്തുണ കൂടിയായപ്പോൾ പദ്ധതി ഫലപ്രാപ്തിയിലെത്തി. ചികിത്സയുടെ ഭാഗമായി ആശുപത്രി ചുമരുകൾക്കുള്ളിൽ കഴിയുന്ന കുട്ടികൾക്ക് ഇത് വ്യത്യസ്ത അനുഭവമാകും.മാഗസിനുകൾ ,ചിത്ര രചനാ ബുക്കുകൾ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങൾ എന്നിവ ലൈബ്രറിയിലുണ്ട്. കൂട്ടികൾക്ക് ചിത്രം വരയ്ക്കാൻ കളർ പെൻസിലും റെഡി. അമ്മമാർക്കുള്ള വനിതാ പ്രസിദ്ധീകരണങ്ങളും ലൈബ്രറിയിലുണ്ട്. കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'അക്ഷരത്തട്ട് " എന്ന പേരിൽ ഈ സംരംഭം തുടങ്ങിയതെന്ന് നന്മ പ്രവർത്തകർ പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു.നൂറുദീൻ ഹാഫിയത്ത് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി.രാംലാൽ, ശിശുരോഗ വിഭാഗം സർജറി മേധാവി ഡോ.സാം വർക്കി എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. നഴ്സിംഗ് സൂപ്രണ്ട് അമ്പിളി ദാസ്, ഷെമീർ പട്ടരുമഠം, ബ്ലോക്ക് പഞ്ചായത്തംഗം യു.എം.കബീർ, എസ്. കെ. പുറക്കാട്, സിസ്റ്റർ ഷീബ,വിശാഖ് എന്നിവർ സംസാരിച്ചു. ഈ ലൈബ്രറിയിലേക്ക് ആർക്കും പുസ്തകം നൽകും.