vayana

ചാരുംമൂട്: വായനാദി​നത്തി​ൽ താമരക്കുളം വിജ്ഞാന വിലാസിനി ഹയർ സെക്കൻഡറി സ്കൂളി​ലെ ക്‌ളാസ് മുറി​കളി​ൽ ഒരു പെട്ടി​ സ്ഥാപി​ച്ചു. പുസ്തകപ്പെട്ടി​. കുട്ടികൾക്ക് ഓരോ ക്ലാസ് മുറികളിലും ഉള്ള പുസ്തപെട്ടികളിൽ നിന്ന് പുസ്തകം എടുത്ത് വായിക്കാം. അവർക്ക് കിട്ടുന്ന പുസ്തകങ്ങൾ പെട്ടിയിലേക്ക് കൊടുക്കുകയും ചെയ്യാം.ആദ്യ ഘട്ടമെന്ന നിലയിൽ 16 ക്ലാസുമുറികളിലാണ് പുസ്തകപ്പെട്ടികൾ സ്ഥാപിക്കുന്നത്.

കുഞ്ഞുങ്ങളെ വായനയുടെ ലോകത്തേയ്ക്ക് എത്തി​ക്കുന്ന വേറി​ട്ട ഉദ്യമത്തിന് ഇന്നലെ സ്കൂളി​ൽ തുടക്കം കുറിച്ചു. സ്കൂൾ തല ഒ. ആർ. സി​ യൂണിറ്റിന്റെയും പി. ടി. എ യുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

കോർപറേഷൻ ബാങ്ക് ചാരുംമൂട് ശാഖ ആറുക്‌ളാസുകളിലേക്കുള്ള അലമാരകൾ നൽകി. കെ ജി പുരുഷോത്തമൻ ഫൗണ്ടേഷൻ, പാലയ്ക്കൽ കെ. എസ്. നായർ, പി.ടി.എ പ്രസിഡന്റ് എം എസ് സലാമത്ത്, സ്‌കൂളിലെ മുൻ ഹെഡ്മിസ്ട്രസ് ജെ. വിമലകുമാരി, വിശ്വനാഥൻ ആവണി, സ്കൂളിലെ ടീച്ചർമാരായ ബിന്ദു, വിവിത എന്നിവരും പദ്ധതിയിലേക്ക് അലമാരകൾ വാങ്ങി നൽകി.

സാമൂഹ്യമാദ്ധ്യമങ്ങളും മറ്റ് ദൃശ്യമാദ്ധ്യമങ്ങളും വിദ്യാർത്ഥികളുടെ സമയം കവർന്നെടുക്കുന്നതു മൂലം വായനയിൽ നിന്നും അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന കുട്ടികളെ തിരിച്ചു കൊണ്ടുവരുവാനുള്ള ഒരു ചെറിയ പരിശ്രമമായാണ് ക്‌ളാസിലൊരു പുസ്തകപ്പെട്ടി പദ്ധതി തുടങ്ങുന്നത്.

സുനിതാ.ഡി. പിള്ള

ഹെഡ്മിസ്ട്രസ്