soumyas-murder

വള്ളികുന്നം: സുഹൃത്തായ പൊലീസുകാരൻ പെട്രോളൊഴിച്ച് കത്തിച്ച സൗമ്യ പുഷ്പാകരന് നാടിന്റെ യാത്രാമൊഴി. ഇന്നലെ രാവിലെ ഒമ്പതോടെ മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് വള്ളികുന്നം പൊലീസ് സ്റ്റേഷനു മുന്നിലെ പന്തലിലെത്തിച്ചു. സഹപ്രവർത്തകരും നാട്ടുകാരുമടക്കം ആയിരങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന്, സൗമ്യ പരിശീലകയായ ഇലിപ്പക്കുളം കെ.കെ.എം ഗവ. വി.എച്ച്.എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ഗാർഡ് ഒഫ് ഓണർ നൽകി. തുടർന്ന് പത്തരയോടെ വിലാപയാത്രയായി മൃതദേഹം ഊപ്പൻവിള വീട്ടിലെത്തി

ച്ചപ്പോഴേക്കും അവിടം ജനനിബിഡമായിരുന്നു.

മക്കളായ ഋഷികേശും ആദികേശും അമ്മ പോയ ദുഃഖം താങ്ങാനാവാതെ നിൽക്കുമ്പോൾ ഇളയ കുട്ടി മൂന്നര വയസുകാരി ഋതിക ഒന്നും മനസിലാവാതെ ബന്ധുവിന്റെ ഒക്കത്തിരിക്കുകയായിരുന്നു. അന്ത്യകർമ്മങ്ങൾക്കു ശേഷം 11.15 ഓടെ മകൻ ഋഷികേശ് ചിതയ്ക്ക് തീ കൊളുത്തി. ലിബിയയിലായിരുന്ന ഭർത്താവ് സജീവ് ബുധനാഴ്ച രാത്രിയാണ് നാട്ടിലെത്തിയത്.

അജാസിന്റെ മൃതദേഹം

ബന്ധുക്കൾ ഏറ്റുവാങ്ങി

അമ്പലപ്പുഴ: സൗമ്യയെ കൊലപ്പെടുത്തിയ ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അജാസിന്റെ (33) മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. ഫോറൻസിക് മേധാവി ഡോ. ശ്രീദേവിയുടെ മേൽനോട്ടത്തിൽ ഡോ. ശ്രീലക്ഷ്മി പോസ്റ്റ്മോർട്ടം നടത്തി. അജാസിന്റെ ബന്ധുക്കളായ സിയാദ് ഹാഷിം, ഹബീബ്, ഷിഹാബ് എന്നിവർ മൃതദേഹം ഏറ്റുവാങ്ങി. വൈകിട്ട് ഏഴോടെ കാക്കനാട് വാഴക്കാലിലെ അജാസിന്റെ വസതിയായ നെയ്‌വേലി വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് കാക്കനാട് പടമുഗൾ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.