വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
ഹരിപ്പാട്: കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ അധീനതയിലുള്ള പല്ലന കുമാരകോടി കുമാരനാശാൻ സ്മൃതി മണ്ഡപം ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്മൃതിമണ്ഡപത്തിലേക്ക് ടൈൽ പാകി നവീകരിച്ച റോഡിന്റെ ഉദ്ഘാടനം മന്ത്രി ജി.സുധാകരനും ബോട്ട് ജെട്ടിയും വിശ്രമ കേന്ദ്രവും മന്ത്രി കടകംപള്ളി സുരേന്ദ്രനും കാവ്യരേഖ ചിത്രങ്ങൾ, കാവ്യോദ്യാനം, ബുക്ക് സ്റ്റാൾ എന്നിവയുടെ ഉദ്ഘാടനം മന്ത്രി എ. കെ ബാലനും നിർവഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷനാകും. അഡ്വ.എ.എം ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാജീവ് ആലുങ്കൽ ഉപഹാരസമർപ്പണം നടത്തും. വൈകിട്ട് ഏഴിന് വിവിധ സംസ്ഥാനങ്ങളിലെ 50 ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന മൺസൂൺ ഫെസ്റ്റ് നൃത്ത പരിപാടിയും നടക്കും.
പദ്ധതി ചെലവ് 4.8 കോടി
സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച നാല് കോടി എൺപത് ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന ലിറ്റററി ടൂറിസം പദ്ധതിയാണ് പല്ലനയിൽ പൂർത്തിയായത്. ലോകോത്തര ശൈലിയിൽ തീർത്ത പുതിയ സ്മാരകം ഒരു വശത്ത് നിന്ന് നോക്കുമ്പോൾ ബോട്ടിന്റെയും മറു വശത്ത് നിന്നും നോക്കുമ്പോൾ തൂലികയുടെയും മാതൃകയിലാണ്. ചുവർ ചിത്രങ്ങളും ആശാന്റെ ജീവചരിത്രവും സ്മാരകത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. സ്മാരകത്തിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ആശാന്റെ കൃതികളെ അടുത്തറിയാനായി പ്രത്യേകം ഓഡിയോ വിഷ്വൽ റൂം ഒരുക്കിയിട്ടുണ്ട്. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൽ ലിമിറ്റഡിനായിരുന്നു നിർവഹണ ചുമതല. ജിറ്റ്പാക്ക് ആണ് രൂപകൽപ്പന തയ്യാറാക്കിയത്.
സ്മൃതി മണ്ഡപം ഭദ്രം
1974ൽ നിർമ്മിച്ച പഴയ കെട്ടിടം 2014 ഒക്ടോബർ 27നാണ് പൊളിച്ച് നീക്കിയത്. ആശാന്റെ സ്മൃതി മണ്ഡപത്തിന് യാതൊരുവിധ കേടുപാടുകളും സംഭവിക്കാത്ത രീതിയിലാണ് കെട്ടിടം പൊളിച്ചതും പുതിയത് പണിഞ്ഞതും.