gauri-amma-turns-100

ആലപ്പുഴ: അധികാര സ്ഥാനത്തില്ലെങ്കിലും ഗൗരിഅമ്മയുടെ വാക്കുകൾക്കായി അധികാരത്തിലുള്ളവർ കാതോർക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗൗരിഅമ്മയുടെ അഭിപ്രായം ആരാഞ്ഞ് അതു നടപ്പാക്കാൻ ശ്രമിക്കുന്നു. ജനങ്ങളുമായി ബന്ധപ്പെട്ട ഏതു വിഷയത്തിൽ അവർ എന്തു പറഞ്ഞാലും അതിൽ ഒരു ശരിയുണ്ടാവുമെന്നും ഗൗരിഅമ്മയുടെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

പി. കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച ഗൗരിഅമ്മ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വഹിച്ച സംഭാവന വളരെ വലുതാണ്. ധീരതയുടെ പ്രതീകമായാണു ഗൗരിഅമ്മയെ കേരളം കണ്ടിട്ടുള്ളത്. ചെറുത്തുനില്പിന്റെ കരുത്തുറ്റ ബിംബം. നിർഭാഗ്യവശാൽ ഗൗരിഅമ്മ പാർട്ടിയിൽ നിന്നു പുറത്താവുന്ന അവസ്ഥയുണ്ടായി. ജനാധിപത്യ സംരക്ഷണ സമിതി രൂപീകരിച്ചതും യു.ഡി.എഫിനൊപ്പം നിന്നതും കേരളം കണ്ടതാണ്. ആ രാഷ്ട്രീയമാറ്റം ഗൗരിഅമ്മയെ സ്നേഹിച്ചവരെ വേദനിപ്പിച്ചിട്ടുണ്ടാവണം.

സാമൂഹ്യ ജീവിതത്തിന് മാർഗനിർദ്ദേശം നൽകാൻ കഴിയുന്ന മാതൃകാ വ്യക്തിത്വം എന്നുവേണം ഗൗരിഅമ്മയെ വിശേഷിപ്പിക്കാൻ. ഇത്ര ദീർഘമായ അനുഭവങ്ങളുള്ള മറ്റൊരാൾ കേരളത്തിലില്ല. ആ നിലയ്ക്ക് അങ്ങേയറ്റം അസാധാരണവും താരതമ്യമില്ലാത്തതുമാണ് ഗൗരിഅമ്മയുടെ ജീവിതം. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും സേവനോന്മുഖതയും ചേർന്ന ജീവിതമാണത്.
സ്വന്തം ജീവിതം സഫലമാവുന്നത് അന്യജീവന് ഉതകുമ്പോഴാണ്. നൂറുവയസിലും ഗൗരിഅമ്മ വെള്ളത്തിൽ മത്സ്യം എന്ന പോലെ ജനങ്ങൾക്കിടയിൽ ജീവിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ, മുൻ ഗവർണർമാരായ കെ. ശങ്കരനാരായണൻ, കുമ്മനം രാജശേഖരൻ. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ആലപ്പുഴ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴി, ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, അമൃതാനന്ദമയി മഠത്തിലെ സ്വാമി വേദാനന്ദ ചൈതന്യ, എ.എം. ആരിഫ് എം.പി, സജി ചെറിയാൻ എം.എൽ.എ, ഗോകുലം ഗോപാലൻ തു‌ടങ്ങിയവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ അഡ്വ. എ.എൻ. രാജൻബാബു സ്വാഗതവും ജെ.എസ്.എസ് സെക്രട്ടറി സൻജീവ് സോമരാജൻ നന്ദിയും പറഞ്ഞു.