wed
നിർമ്മാണം പൂർത്തിയായ ഹരിപ്പാട് റവന്യൂ ടവറിന്റേയും, പൊലീസ് ക്വാർട്ടേഴ്സിന്റേയും ഉദ്ഘാടനം

ഹരിപ്പാട്: ചുവപ്പുനാടയെ നാട് ഭയത്തോടെയാണ് കാണുന്നതെന്നും അർഹതപ്പെട്ട ആനുകൂല്യങ്ങൾ എങ്ങനെ നൽകാതിരിക്കാം എന്ന കാര്യത്തിൽ ചിലർ ഡോക്ടറേറ്റ് എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹരിപ്പാട് റവന്യു ടവറിന്റെയും പൊലീസ് ക്വാർട്ടേഴ്സിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബ്രിട്ടീഷ് ഭരണകാലത്ത് ഉദ്യോഗസ്ഥർക്കു മുന്നിൽ ഒരു ഫയൽ വന്നാൽ എങ്ങനെ അനുവദിക്കാതിരിക്കാം എന്നാണ് നോക്കിയിരുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പല പുരോഗമനങ്ങളും വന്ന സംസ്ഥാനമായിട്ടു കൂടി ഈ ദുഷിപ്പ് ഇപ്പോഴും ഇവിടെ അവശേഷിക്കുന്നു. ജീവനക്കാരിലെ ചെറിയ വിഭാഗം കുഴപ്പക്കാർ ചെയ്യുന്ന പ്രവൃത്തികൾ നാടിനും സർക്കാരിനും അപമാനമാകുന്നു. സിവിൽ സർവീസുകാർ പൊതുജന സേവകരാണെന്ന ബോധം വേണം. അഴിമതി അനുവദിക്കില്ല. അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി നേടിയെങ്കിലും ചില സ്ഥലങ്ങളിൽ അവസ്ഥ മാറിയിട്ടില്ല. പഴയ രീതി മാറ്റാൻ ചിലർക്ക് പ്രയാസമാണ്. നമ്മുടെ വരുമാനത്തിനനുസരിച്ച് ജീവിക്കാൻ ശീലിക്കണം. സർക്കാർ മികച്ച രീതിയിലുള്ള ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടുണ്ട്. ഇത് ഇനിയും തുടരും. വരുമാനം കൂട്ടാൻ മറ്റ് വഴികൾ തേടുമ്പോൾ വീട്ടിൽ കിടന്ന് ഉറങ്ങേണ്ടതിന് പകരം ജയിലിൽ കിടന്ന് ഉറങ്ങേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.