sndp

ആലപ്പുഴ: മനുഷ്യ നന്മയ്ക്കുവേണ്ടിയുള്ള മഹാമന്ത്രം ഗുരുദർശനമാണെന്നും അത് തുറന്നു പറയാനുള്ള കേന്ദ്രസർക്കാരിന്റെ ചങ്കൂറ്റമാണ് രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനും സുരക്ഷിതത്വത്തിനും വിട്ടുവീഴ്ചയില്ലാത്ത നയപ്രഖ്യാപനം നടത്തിയ രാഷ്ട്രപതിക്ക് ശ്രീനാരായണ ഗുരുഭക്തരുടെ കോടി പ്രണാമം അർപ്പിക്കുന്നു.

രണ്ടാം മോദി സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ആഗോളതലത്തിൽ ഏറെ പ്രാധാന്യമുള്ളതും ലോകത്തിന് ചർച്ച ചെയ്യാൻ പര്യാപ്തവുമാണ്. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവൻ 130 വർഷങ്ങൾക്കപ്പുറത്ത് നൽകിയ മഹത്തായ വിശ്വദർശനമാണ് രാഷ്ട്രപതി ലോക്സഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗം. 'ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സർവ്വരും, സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്. ' തന്റെ ഗവൺമെന്റ് ഇനി ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത് ഈ ദർശനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദ് നയപ്രഖ്യാപനത്തിൽ അടിവരയിട്ട് പറഞ്ഞിരിക്കുന്നത്.

ശക്തവും സുരക്ഷിതവും സമൃദ്ധവും ഒപ്പം എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പുതിയ ഇന്ത്യയാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം- ഇതാണ് സർക്കാരിന്റെ അടിസ്ഥാന തത്വം. അതിനുള്ള പ്രചോദനം ഗുരുദർനത്തിന്റെ ശക്തമായ സ്വാധീനമാണ്. ഈ പ്രഖ്യാപനത്തിലൂടെ ശ്രീനാരായണ ഗുരുവിന്റെ ദാർശനികത അതിന്റെ ഇപ്പോഴുള്ള തലത്തിൽ നിന്ന് ദേശീയവും അന്തർദ്ദേശീയവുമായ പ്രാധാന്യത്തിലേക്ക് ഉയരുകയാണ്. ജാതിയുടെയും മതത്തിന്റെയും ഇടനാഴികളിൽ അധികാരത്തിനുവേണ്ടി ചുറ്റിത്തിരിയുന്ന ഇന്നത്തെ രാഷ്ട്രീയ കാലഘട്ടത്തിൽ മഹത്തായ ദർശനത്തെ സാമാന്യ ജനങ്ങൾക്കുവേണ്ടി എടുത്തു പ്രയോഗിക്കുവാൻ കാണിച്ച തൻേടത്തെ എത്രകണ്ട് അഭിനന്ദിച്ചാലും അധികമാവില്ല. മാനവരാശിയുടെ ശാന്തിയും സമാധാനവും വികസനവുമാണ് ഗുരുദർശനത്തിന്റെ അന്തഃസത്ത. ഇന്ത്യൻ പ്രസിഡന്റിനും കേന്ദ്ര സർക്കാരിനും അത് ബോദ്ധ്യപ്പെട്ടു എന്നുള്ളതാണ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രസക്തി.

എസ്.എൻ.ഡി.പി യോഗത്തിന്റെയും ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠൻമാർ ഉൾപ്പെടെയുള്ള ഗുരുഭക്തരുടെയും ഐക്യത്തോടെയുള്ള ആശയപ്രചാരണത്തിന്റെ ഫലമാണ് ഭാരതത്തിന്റെ സമഗ്ര വികസനത്തിന് ഗുരുദർശനം മാർഗദീപമാക്കാനുള്ള സർക്കാർ തീരുമാനം. ഒട്ടനവധി നയങ്ങളും പരിപാടികളും പദ്ധതികളും ഒക്കെ സ്വതന്ത്ര ഇന്ത്യയിൽ വിവിധ ഘട്ടങ്ങളിൽ വിവിധ ഭരണാധികാരികൾ അവരവരുടെ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചു. എന്നാൽ അതിനൊന്നും പ്രതീക്ഷിച്ച റിസൾട്ടുണ്ടായില്ല. അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ മെനയുമ്പോൾ പലപ്പോഴും വിട്ടുവീഴ്ചകൾക്ക് തയ്യാറാകും. അത് രാജ്യത്ത് അസഹിഷ്ണുതയും അസംതൃപ്തിയും ഉണ്ടാക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.