ആലപ്പുഴ: ഒളിഞ്ഞും തെളിഞ്ഞും പെയ്ത മഴയുടെ തണുപ്പിലും പിറന്നാൾ ആഘോഷത്തിന്റെ ഊഷ്മളത പടർന്ന നേരം.
കളത്തിപ്പറമ്പിൽ വീടിന്റെ കാരണവത്തിക്ക് വയസ്സ് നൂറാണ് തികഞ്ഞത്. സ്നേഹവും ആദരവും നിറഞ്ഞ ഹൃദയവുമായി ആളുകൾ വന്നുകൊണ്ടേയിരുന്നു. വന്നവരെല്ലാം കുഞ്ഞമ്മയെ വാരിപ്പുണർന്നു. നൂറാം പിറന്നാൾ നിറവിൽ ഗൗരി അമ്മയെ അനുമോദിക്കാൻ വന്നവരിൽ രാഷ്‌ട്രീയ ഭേദമുണ്ടായിരുന്നില്ല. എല്ലാവരുടെയും കുഞ്ഞമ്മ തിരക്കുകൾക്കു നടുവിൽ നിറചിരിയോടെ ഇരുന്നു.
രാവിലെ മുതൽ ആലപ്പുഴ ശക്തി ആഡിറ്റോറിയത്തിലും പരിസരത്തും നല്ല തിരക്കായിരുന്നു. ഗൗരി അമ്മയുടെ ജന്മശതാബ്ദി ആഘോഷ ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിറഞ്ഞ സാന്നിദ്ധ്യമായി. പിറന്നാളുകാരിയുടെ തൊട്ടരികിലായിരുന്നു പിണറായി വിജയന്റെ ഇരിപ്പിടം. രണ്ടുപേരും ഇടയ്ക്കിടെ അടക്കം പറയുന്നുണ്ടായിരുന്നു.
സ്വാഗതം ആശംസിച്ച സ്വാഗതസംഘം ചെയർമാൻ അഡ്വ. എ.എൻ. രാജൻബാബു സദസിൻെറ ശ്രദ്ധ ക്ഷണിച്ചത് ഒരു നൃത്തരംഗത്തിലേക്ക്. വേദിയിലും പുറത്തും വച്ചിരുന്ന വലിയ സ്ക്രീനിൽ ചലച്ചിത്രതാരം നവ്യാ നായരും സംഘവും നൃത്തച്ചുവടുകളുമായെത്തി. ഗൗരിഅമ്മയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള നൃത്തശില്പം. പിന്നാലെ അനുമോദന പ്രസംഗങ്ങൾ.
മുഖ്യമന്ത്രിക്കു പിറകെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.എം.ആരിഫ് എം.പി, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, ശോഭന ജോർജ്, ഗോകുലം ഗോപാലൻ തുടങ്ങിയവർ ഗൗരിഅമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഗൗരിഅമ്മയുടെ ജീവചരിത്ര പുസ്തകം പ്രകാശനം സ്പീക്കറും,
നന്ദകുമാർ രചനയും സംവിധാനവും നിർവഹിച്ച 'ഗൗരിഅമ്മ- നേർക്കണ്ണാടി' എന്ന ഡോക്യുമെൻറിറിയുടെ പ്രകാശനം മന്ത്രി ജി.സുധാകരനും നിർവഹിച്ചു. തപാൽ വകുപ്പ് ഗൗരിഅമ്മയുടെ ചിത്രവുമായി പുറത്തിറക്കിയ സ്റ്റാമ്പിൻെറ പ്രകാശനം കുമ്മനം രാജശേഖരൻ കെ. ശങ്കരനാരായണനു നൽകി നിർവഹിച്ചു.