ചേർത്തല: സംഗീത രംഗത്ത് ഏഴു പതിറ്റാണ്ടത്തെ നിറസാന്നിദ്ധ്യമായ മുഹമ്മയുടെ സ്വന്തം ത്യാഗരാജൻ ഭാഗവതർക്ക് സംഗീത ദിനത്തിൽ കുട്ടിപ്പൊലീസിന്റെ സ്‌നേഹാദരം. മുഹമ്മ എ.ബി.വി.എച്ച്.എസ്.എസിലെ എസ്.പി.സി കേഡറ്റുകളാന്ന് വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചത്. കവിത ചൊല്ലി ഭഗവതർ കുട്ടികൾക്ക് നന്ദിപറഞ്ഞു.
നന്നേ ചെറുപ്പത്തിൽത്തന്നെ സംഗീതത്തോടും കലകളോടും പ്രണയമുണ്ടായിരുന്ന ത്യാഗരാജന് സംഗീതം അഭ്യസിക്കാൻ സാമ്പത്തിക പ്രയാസമുള്ളതു മനസിലാക്കി മുഹമ്മ കയർ ഫാക്ടറി വർക്കേഴ്‌സ് യൂണിയൻ പ്രവർത്തകരായ പരേതരായ കെ.വി.തങ്കപ്പനും പി.എൻ.രാഘവനും സഹായവുമായി എത്തി. സംഗീത പഠന ചിലവ് യൂണിയൻ ഏറ്റെടുത്തു. അന്നത്തെ പ്രധാന ഗുരുക്കന്മാരിൽ നിന്നു തന്നെ സംഗീതം പഠിക്കാൻ ഇതോടെ അവസരമൊരുങ്ങി. തുടർന്ന് വിവിധ നാടക, ബാലെ ഗ്രൂപ്പുകളിലും കാഥികരുടെ കൂടെയും പ്രവർത്തിച്ചു. നാടകങ്ങൾക്കും ബാലെകൾക്കും സംഗീത സംവിധാനം നിർവഹിക്കുകയും ഓർക്കസ്ട്ര നയിക്കുകയും ചെയ്തു. ഒപ്പം നൂറുകണക്കിന് സംഗീത വിദ്യാർത്ഥികൾക്ക് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകി. .സ്വന്തമായി കവിതയും ലളിതഗാനവും രചിക്കുന്ന ഇദ്ദേഹം സംഗീതം പകർന്ന് നിരവധി ആൽബം സി ഡികളും ഇറക്കിയിട്ടുണ്ട്. നൂറു കണക്കിന് സംഗീത പരിപാടികൾ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ അവതരിപ്പിച്ച ത്യാഗരാജൻ 84-ാം വയസിലും മുഹമ്മയിലെയും സമീപ പ്രദേശങ്ങളിലെയും കല്ല്യാണ വീടുകളിലെ ഗാനസന്ധ്യകളിൽ പ്രധാന പാട്ടുകാരനുമാണ്.