കായംകുളം: പ്രവാസി വ്യവസായി സാജന്റെ ദുരന്തകഥ വാർത്തകളിൽ നിറയുമ്പോൾ വർഷങ്ങൾക്കുമുൻപ് ഇതേരീതിയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ ഓർക്കുകയാണ് പ്രവാസിയായ കായംകുളം മികാസ് കൺവെൻഷൻ സെന്റർ ഉടമ കെ.എ സേതുനാഥൻ.
സ്വന്തം നാടായ കായംകുളത്ത് കോടികൾ മുടക്കി കൺവെൻഷൻ സെന്റർ തുടങ്ങിയപ്പോൾ കായംകുളം നഗരസഭയും നിരവധി ന്യായങ്ങൾ പറഞ്ഞ് പ്രവർത്തനാനുമതി നിഷേധിച്ചുവെന്ന് അദ്ദേഹം പറയുന്നു. മാനസിക പീഡനങ്ങളുടെ സംഘർഷഭരിതമായ ദിനങ്ങളിലൂടെയാണ് അന്ന് കടന്നുപോയതെന്ന് അദ്ദേഹം ഓർക്കുന്നു.
കായംകുളം എൻ.ആർ.ഐ, യു.എ.ഇ ചാപ്റ്ററിന്റെ അഡ്വൈസറി ബോർഡ് ചെയർമാനായ സേതുനാഥ് ദുബായിലെ അൽ സഹീം ഗ്രൂപ്പിന്റെ മേധാവിയും ഇലക്ട്രിക്കൽ എൻജിനീയറുമാണ്.
വികസനത്തിനു വേണ്ടി കുതിക്കുന്ന നാട്, സംരംഭകർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്ന നാട് എന്നിങ്ങനെ മേനി പറയുന്നവർ തന്നെയാണ് സാജന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളെന്ന് സേതുനാഥ് പറയുന്നു. ഒരു പ്രസ്ഥാനം തുടങ്ങുമ്പോൾ അത് നാടിന്റെ വികസനമാണെന്ന ചിന്തയുണ്ടാകണം.
ഒരു ദിവസം മുൻപേ അതിന് പ്രവർത്തനം തുടങ്ങുവാൻ അവസരമൊരുക്കണം.
30 വർഷം വിദേശത്ത് നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിലുള്ള പരിചയം മുൻ നിറുത്തി ചില നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. ഇവ നടപ്പാക്കാൻ സാധിച്ചാൽ കേരളത്തിൽ വികസനവും പ്രവാസ നിക്ഷേപവും വരുമെന്ന് അദ്ദേഹം പറയുന്നു. ആ നിർദ്ദേശങ്ങൾ ഇങ്ങനെ.
നിർമ്മാണം സംബന്ധിച്ച പ്ലാൻ വിലയിരുത്തിയ ശേഷം ഒരു പ്രാവശ്യം മാത്രം എല്ലാ വിധ പോരായ്മകളും അറിയിക്കുക.
സമർപ്പിച്ച പ്ലാൻ നിയമപരമായി ശരിയാണെന്നിരിക്കെ ചെറിയ അപാകതമാത്രമാണ് ഉള്ളതെങ്കിൽ അത് ശരിയാക്കി സമർപ്പിക്കാൻ നിശ്ചിത സമയം നൽകണം.
പ്രിലിമിനറി പെർമിറ്റ് നൽകി നിർമ്മാണം ആരംഭിക്കാൻ അനുവദിക്കാം
അപാകത ശരിയാക്കി പ്ലാൻ വീണ്ടും സമർപ്പിച്ച്, നിശ്ചിത സമയത്തിനുള്ളിൽ ശരിയായ നിർമ്മാണം അനുവദിക്കണം
ചെയർമാൻ, പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ഇടപെടൽ പൂർണമായി ഒഴിവാക്കണം
എൻജിനീയറിംഗ് വിഭാഗം മാത്രം നിർമ്മാണ അനുമതി നൽകുക.
ആക്ഷേപങ്ങൾ പരിഹരിക്കാൻ ജില്ലാ ടൗൺ പ്ലാനിങ് ഓഫീസിൽ ഒരു അദാലത്ത് സമ്പ്രദായം ഏർപ്പെടുത്തുക
മറ്റ് സർവീസ് ഓഫീസുകളിൽ നിന്നുള്ള അനുവാദം അധികൃതർ തന്നെ ശരിയാക്കുക.