നടപടി ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തിൽ
ചേർത്തല : ഒറ്റമശേരിയിൽ കടലാക്രമണ പ്രദേശങ്ങളുടെ സംരക്ഷണത്തിന് തിങ്കളാഴ്ച മുതൽ കരിങ്കല്ല് ഇറക്കി തുടങ്ങും.
കളക്ട്രേറ്റിലെ ദുരന്തനിവാരണ സമിതി മുൻകൈയെടുത്താണ് നടപടി സ്വീകരിച്ചത്.ഒറ്റമശേരിയിൽ കടൽഭിത്തിയില്ലാത്ത 550 മീറ്ററോളം ഭാഗത്താണ് കടലാക്രമണം രൂക്ഷം.ഇവിടുത്തെ പതിനഞ്ചോളം വീടുകൾ ഏതു നിമിഷവും കടലെടുക്കാവുന്ന സ്ഥിതിയിലാണ്.ഇവിടെയാണ് കരിങ്കല്ലുകൾ നിരത്തുക. മണൽചാക്കുകൾ അടുക്കിയാണ് ഇപ്പോൾ താത്കാലിക സംരക്ഷണം ഒരുക്കിയിരുന്നത്.
കല്ലിറക്കാൻ രണ്ടുതവണ ടെൻഡർ വിളിച്ചിട്ടും കരാറുകാർ ആരും പങ്കെടുത്തില്ല. സർക്കാരിൽ നിന്ന് പണം ലഭിക്കില്ലെന്ന മുൻ അനുഭവവും യന്ത്രങ്ങൾക്കുണ്ടാകുന്ന നാശവും ചൂണ്ടിക്കാട്ടിയായിരുന്നു കരാറുകാരുടെ പിൻവാങ്ങൽ. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തിൽ പണം നൽകാമെന്ന് ഉറപ്പ് നൽകിയതോടെയാണ് കരാറുകാർ മുന്നോട്ടുവന്നത്.
ഇതിന്റെ അടങ്കൽ തയാറാക്കൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഇന്നലെയോടെ പൂർത്തിയാക്കി . ഇവിടെ കടലാക്രമണ മേഖലകളിലെ വീടുകൾ സംരക്ഷിക്കുന്നതിനുള്ള മണൽ ചാക്കുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളിൽ പ്രദേശവാസികൾക്ക് സഹായവുമായി പട്ടണക്കാട് ജനമൈത്രി പൊലീസും എത്തി.
ജില്ലാഭരണകൂടം മണലും ചാക്കുകളും ഇവിടെ എത്തിച്ചു നൽകിയിരുന്നു.പ്രദേശവാസികളാണ് മണൽ കോരി ചാക്കിലാക്കി ചുമന്ന് തീരങ്ങളിൽ അടുക്കുന്നത്. ഇന്നലെ പട്ടണക്കാട് പൊലീസാണ് ഇതിൽ പങ്കാളികളായത്.
എസ്.ഐ അമൃതരംഗൻ,പൊലീസുകാരായ ടി.എസ്.അലക്‌സ്,ഇ.വി.ബൈജു,അരുൺകുമാർ,ടിബിൻ,ആശപ്രിയ എന്നിവർ നേതൃത്വം നൽകി.