photo

ചേർത്തല: നിരവധി ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളിയായ യുവാവിനെ 2.15 കിലോ കഞ്ചാവുമായി ചേർത്തലയിൽ എക്‌സൈസ് സംഘം പിടികൂടി. തിരുവനന്തപുരം നേമം ഇൻഡസ്ട്രിയൽ എസേ്റ്റ​റ്റ് വാർഡ് ആർ.എസ് ഭവനിൽ അനിൽ പ്രസാദ് (34) ആണ് ചേർത്തല പ്രോവിഡൻസ് ജംഗ്ഷന് സമീപം ആഡംബര കാറിൽ കഞ്ചാവുമായി ചേർത്തല റേഞ്ച് എക്സൈസ് സംഘത്തിനു മുന്നിൽ കുടുങ്ങിയത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളുടെ പേരിൽ വിവിധ കോടതികളുടെ വാറണ്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് കുറഞ്ഞവിലയ്ക്ക് കഞ്ചാവ് വാങ്ങി തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം ഭാഗത്തുള്ള ഏജന്റുമാർക്കാണ് അനിൽപ്രസാദ് കൈമാറുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. തിരുവനന്തപുരത്ത് ഇയാൾ ചില്ലറ വില്പനയും നടത്തുന്നുണ്ട്. എറണാകുളത്തെ ഏജന്റിന് കഞ്ചാവ് കൈമാറാൻ കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.ബിനു, പ്രിവന്റീവ് ഓഫീസർമാരായ എസ്.സതീഷ്, ഷിബു പി.ബെഞ്ചമിൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ റെനീഷ്, സാജൻ ജോസഫ്, പ്രവീൺകുമാർ,വിജയകുമാർ, ഡ്രൈവർ ഓസ്ബർട്ട് ജോസ് എന്നിവർ പങ്കെടുത്തു.