bun

കുട്ടനാട് : കുട്ടനാടൻ പാടശേഖരങ്ങളിൽ ഇനി ഞാറ്റുപാട്ടിനൊപ്പം അന്യഭാഷാ ഗാനങ്ങളും മുഴങ്ങും! കട്ടകുത്താനും ഞാറു നടാനും അന്യസംസ്ഥാനത്തൊഴിലാളികളും ഇറങ്ങും. നാട്ടിലെ തൊഴിലാളിക്ഷാമം കാരണമാണ് കർഷകർ അന്യദേശക്കാരെ ആശ്രയിക്കുന്നത്. കഴിഞ്ഞ കൊയ്ത്തുകാലത്ത് നെല്ല് ചുമക്കാൻ അന്യസംസ്ഥാനക്കാരെത്തിയിരുന്നു.

ഇപ്പോൾ ചമ്പക്കുളം കൃഷിഭവന് കീഴിൽ വരുന്ന മൂലം പൊങ്ങംപ്ര പാടശേഖരത്തിൽ വരമ്പ് കുത്താനും ചാലെടുക്കാനുമെത്തിയത് അന്യദേശക്കാരായ തൊഴിലാളികളാണ്. പാടത്തെ പണിക്ക് ഇപ്പോൾ തൊഴിലാളികളെ കിട്ടാൻ പ്രയാസമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. തൊഴിലുറപ്പ് പദ്ധതി വന്നതോടെ സ്ത്രീ തൊഴിലാളികളെ തീരെ കിട്ടാതായി. പാടത്ത് ചെയ്യുന്നതിനേക്കാൾ ആയാസരഹിതമായ ജോലിയും നല്ലകൂലിയും ലഭിക്കുന്നതുകൊണ്ടാണ് സ്ത്രീകൾക്ക് തൊഴിലുറപ്പിനോട് താത്പര്യം.

കുട്ടനാട്ടിൽ കൊയ്ത്ത് യന്ത്രം ആദ്യമായി വന്നപ്പോഴുണ്ടായ തരത്തിലുള്ള പ്രതിഷേധം അന്യദേശ തൊഴിലാളികൾ പാടത്ത് ജോലിക്കിറങ്ങിയപ്പോൾ ഉണ്ടായില്ലെന്നതാണ് കർഷകർക്ക് ആശ്വാസം. ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാതെ കാർഷിക മേഖല പ്രതിസന്ധിയിലായതുകൊണ്ടാണ് തൊഴിലാളി യൂണിയനുകൾ ഇക്കാര്യത്തിൽ മൗനം കൈക്കൊണ്ടതെന്ന് കർഷകർ പറയുന്നു.

പാടത്തെ പണിക്ക് ഒരു ദിവസം കൂലി

(ആറു മണിക്കൂർ)

ആണാളിന് 800രൂപ

 പെണ്ണാളിന് 400രൂപ

400

അന്യസംസ്ഥാനക്കാരായ ആൺ തൊഴിലാളിക്ക് 400- 500 രൂപയാണ് പാടത്തെ ജോലിക്ക് ദിവസക്കൂലി

''അന്യസംസ്ഥാന തൊഴിലാളികൾക്ക് കൂലി കുറവാണ്. മാത്രമല്ല ഇവർ കൂടുതൽ സമയം ജോലിചെയ്യും" -കർഷകർ നമ്മുടെ നാട്ടുകാർക്ക് ചെളിപറ്റാത്ത ജോലി ചെയ്യുന്നതിനോടാണ് കൂടുതൽ താത്പര്യം.മുഷിഞ്ഞുള്ള പണിയായതിനാൽ പാടത്തെ പണിക്ക് ആളെ കിട്ടാത്ത സ്ഥിതിയാണ്. അന്യദേശക്കാർ ഈ തൊഴിലിലേക്ക് താത്പര്യം കാണിക്കുന്നത് നല്ല കാര്യമാണ്.തൊഴിലാളി ക്ഷാമത്തിന് പരിഹാരമാവും.സ്ത്രീ തൊഴിലാളികൾക്കാണ് കൂടുതൽ ക്ഷാമം ശശി, സി.ഐ.ടി.യു