a

മാവേലിക്കര: സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഗരസഭ ഈടാക്കിയ അധികനികുതി ജനങ്ങൾക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കൗൺസിലിലെ യു.ഡി.എഫ് അംഗങ്ങൾ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ഗോപൻ, രമേശ്കുമാർ, കോശി തുണ്ടപറമ്പിൽ, പ്രസന്ന ബാബു, കെ.കൃഷ്ണകുമാരി എന്നിവരാണ് നഗരസഭ കവാടത്തിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

നികുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ നൽകിയ പരാതികൾ പരിഹരിക്കുക, അധികമായി പിരിച്ച നികുതി തുക തിരികെ നൽകാൻ നടപടി സ്വീകരിക്കുക, നികുതി പിരിവ് ശാസ്ത്രീയമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. വിഷയം ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ യോഗം വിളിക്കുന്നത് വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ.ഗോപൻ പറഞ്ഞു. യു.ഡി.എഫ് കൺവീനർ കല്ലുമല രാജൻ, ഡി.സി.സി സെക്രട്ടറി കുര്യൻ പള്ളത്ത്, അജിത് കണ്ടിയൂർ, രമേശ് ഉപ്പാൻസ്, അനിവർഗീസ്, സക്കീർ ഹുസൈൻ, ശ്രീകുമാർ എന്നിവരും സമരത്തിൽ പങ്കെടുത്തു.


# സമരം പ്രഹസനം: ചെയർപേഴ്സൺ


മാവലിക്കര: നികുതി പിരുവുമായി ബന്ധപ്പെട്ട് മാവേലിക്കര നഗരസഭയിൽ യു.ഡി.എഫ് നടത്തുന്ന സമരം പ്രഹസനമെന്ന് ചെയർപേഴ്സൺ ലീല അഭിലാഷ് പറഞ്ഞു. 2013-14 കാലത്ത് യു.ഡി.എഫ് സർക്കാരാണ് നികുതി പരിഷ്‌കരിച്ചത്. അന്ന് നഗരസഭ ഭരിച്ചിരുന്ന യു.ഡി.എഫ് ഭരണസമിതി നികുതി വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് അധികാരത്തിൽ വന്ന എൽ.ഡി.എഫ് ഭരണസമിതി നികുതി പരിഷ്‌കരണം നടപ്പാക്കുകയായിരുന്നു. പിഴയില്ലാതെ നികുതി ക്രമീകരിച്ച് വാങ്ങുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. ഇതിലൂടെ ജനങ്ങളുടെമേൽ അധികഭാരം ചുമത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു.