dog

# നായയെ നാട്ടുകാർ തല്ലിക്കൊന്നു

കായംകുളം: കായംകുളത്ത് വിദ്യാർത്ഥികളും വൃദ്ധയും ഉൾപ്പെടെ പത്തോളം പേരെ ഇന്നലെ തെരുവ് നായ കടിച്ചു കുടഞ്ഞു. കണ്ണിൽ കണ്ടവരെയെല്ലാം കടിച്ചുനടന്ന നായയെ അവസാനം നാട്ടുകാർ തല്ലിക്കൊന്നു.

രാവിലെ എട്ടുമണിയോടെ കല്ലുംമൂട് പെരുമ്പളത്ത് നിസാമിന്റെ വീട്ടിലെ കറവ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് തമിഴ്നാട് സ്വദേശി മുത്തുവിനെ (40) നായ ആക്രമിച്ചത്. മുഖത്തും കൈക്കും മുതുകിലും കടിയേറ്റു. മൂക്കിന് ഗുരുതര പരിക്കുണ്ട്. കായംകുളം സർക്കാർ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മുത്തുവിനെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഷിത് (14), കെ.സി.ടി ജീവനക്കാരൻ പ്രണവ് (24), ഷംനാദ് (18), നഫിയത്ത് (8), ജസ്ന (25), കദീജ (60), റംല (55), നസീല (24) എന്നിവർക്കും കടിയേറ്റു. നായയെ കോയിക്കൽ പടിക്കൽ വച്ചാണ് നാട്ടുകാർ തല്ലിക്കൊന്നത് .

കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് വടക്ക് കന്നീസാ പാലത്തിന് സമീപവും നായയുടെ പരാക്രമം നടന്നു. സ്കൂളിൽ പോകാനെത്തിയ വിദ്യാർത്ഥികൾക്കും പരിക്കേറ്റു. സെന്റ് മേരീസ് സ്കൂളിന് സമീപവും ഒരാൾക്ക് കടിയേറ്റിട്ടുണ്ട്. ചിറക്കടവം, പുള്ളിക്കണക്ക്, കൊറ്റുകുളങ്ങര എന്നിവിടങ്ങളിലും നായ പാഞ്ഞുനടന്നു.

നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. കൂട്ടത്തോടെ എത്തുന്ന നായ്ക്കൾ പ്രദേശവാസികളെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നത് പതിവായി മാറിയിട്ടും നടപടികളില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ ചിറക്കടവത്ത് വീട്ടിലെ ഫാമിൽ ഉണ്ടായിരുന്ന 50 ഓളം കോഴികളെ നായ്ക്കൾ കടിച്ചുകൊന്നു. നിരവധി വഴിയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും കടിയേൽക്കുകയും ചെയ്തിരുന്നു. വിജനമായ പറമ്പുകളിൽ തമ്പടിക്കുന്ന നായ്ക്കൾ കൂട്ടമായാണ് രംഗത്തിറങ്ങുന്നത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുന്നുകൂടുന്ന മാലിന്യം നായകൾ പെരുകാൻ കാരണമാകുന്നുണ്ട്. പരാതി നൽകിയിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.