# കോടവേലി തോട് വൃത്തിയാക്കി തുടക്കം
പൂച്ചാക്കൽ: തേവർവട്ടം ഭാഗത്തെ കോടവേലി തോട് വൃത്തിയാക്കിക്കൊണ്ട് തൈക്കാട്ടുശേരി ഗ്രാമ പഞ്ചായത്തിലെ തോടുകൾ വൃത്തിയാക്കുന്ന ജോലികൾക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ചുവടുപിടിച്ചാണ് നവീകരണം.
പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞതിനെ തുടർന്ന് കോടവേലി തോട്ടിലെ ഒഴുക്ക് നിലച്ചിരുന്നു. ഇരുകരകളിലും നിരവധി വീടുകളുള്ള ഈ മേഖലയിൽ കൊതുക് ശല്യവും ദുർഗന്ധവും രൂക്ഷമാകുകയും ചെയ്തു. പകർച്ചവ്യാധികളുടെ വ്യാപനത്തിന് സാദ്ധ്യത വർദ്ധിച്ചതോടെയാണ് അടിയന്തരമായി തോട് വൃത്തിയാക്കാൻ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. ചെളി നീക്കുന്നതിനിടെ മണ്ണ് കടത്തുന്നത് തടയാനായി ജോലികൾ നിരീക്ഷിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തി. തോടിന് കുറുകെ പലയിടങ്ങളിലും മരങ്ങൾ വളർന്ന് നിൽക്കുന്നത് ജോലികൾക്ക് തടസമാകുന്നുണ്ട്. ജെ.സി.ബി ഉപയോഗിച്ച് വേര് നീക്കം ചെയ്യേണ്ടി വരുന്നതുമൂലം ശുചീകരണ പ്രവർത്തനങ്ങൾക്ക് ഏറെ സമയമെടുക്കുന്നുണ്ട്. തോടിന്റെ ഇരുകരകളിലും കരിങ്കൽക്കെട്ട് ഉണ്ടെങ്കിലും കാലപ്പഴക്കം മൂലം പല ഭാഗത്തും ഇത് തകർന്നിട്ടുണ്ട്.
തൈക്കാട്ടുശേരിയിലെ വിവിധ തോടുകൾ വൃത്തിയാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.സി. വിനോദ് കുമാർ, സജി മണപ്പുറം, സെക്രട്ടറി പി.ആർ. സജി എന്നിവർ സംസാരിച്ചു.
......................................
# 'തെളിച്ചം' ഓർമയിൽ
നല്ല തെളിഞ്ഞ വെള്ളമായിരുന്നു പൂച്ചാക്കൽ - കോടവേലി തോട്ടിലേതെന്ന് പ്രദേശത്തെ മുതിർന്ന പൗരന്മാർ ഓർത്തെടുക്കുന്നു. പ്രദേശത്ത് കയർ വ്യവസായം ശക്തമായതോടെ ചകിരിച്ചോറും മറ്റും തോട്ടിൽ നിക്ഷേപിച്ചു തുടങ്ങിയപ്പോൾ തോട് മലിനമായിത്തുടങ്ങി. കയറിന് നിറം നൽകാനുപയോഗിക്കുന്ന രാസപദാർത്ഥങ്ങളടക്കം ജലത്തിൽ ലയിച്ചത് മലിനീകരണം രൂക്ഷമാക്കി. പിന്നീട് പ്രദേശവാസികളും പുറത്തു നിന്നുള്ളവരും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തള്ളാൻ തുടങ്ങിയതോടെ എല്ലാം തികഞ്ഞു!
.............................................
നവീകരണം
# വിവിധ തോടുകളുടെ ശുചീകരണത്തിന് 6 ലക്ഷം
# ആദ്യഘട്ടത്തിൽ നീക്കുന്നത് ചെളിയും പ്ലാസ്റ്റിക് മാലിന്യങ്ങളും
# തോടുകളിലേക്കുള്ള മരങ്ങൾ മുറിച്ചുനീക്കും
# മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി
................................................