അമ്പലപ്പുഴ : പുനർനിർമ്മിച്ച് രണ്ട് വർഷം തികയും മുമ്പേ റോഡ് പൊട്ടിത്തകർന്നതോടെ പ്രദേശവാസികൾ ദുരിതത്തിലായി. ഓട്ടോറിക്ഷക്കാരും സ്കൂൾ വാഹനങ്ങളുമൊന്നും ഇതുവഴി വരാത്തതിനാൽ വിദ്യാർത്ഥികളെ ദേശീയപാതയിലെത്തിച്ച് വാഹനങ്ങളിൽ കയറ്റി അയക്കേണ്ട ഗതികേടിലാണ് രക്ഷിതാക്കൾ.
പുന്നപ്ര തെക്ക് പഞ്ചായത്തിൽ ദേശീയപാതയോട് ചേർന്നുള്ള പുന്നപ്ര മാർക്കറ്റ് - ഹാഫിയത്ത് റോഡാണ് സഞ്ചാരയോഗ്യമല്ലാതായത്. പുന്നപ്രയുടെ കിഴക്കൻ മേഖലയിലുള്ള കർഷക തൊഴിലാളികൾക്കും മറ്റും ദേശീയ പാതയിലെത്താനുള്ള എളുപ്പമാർഗമാണ് ഈ റോഡ്. റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ മറ്റുവഴികളെ ആശ്രയിക്കുകയാണ് യാത്രക്കാരിപ്പോൾ. മഴ പെയ്തതോടെ റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്.
രോഗികളും വൃദ്ധജനങ്ങളുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. സൈക്കിൾ യാത്രക്കാരും ഇരുചക്രവാഹനങ്ങളും റോഡിലെ കുഴികളിൽ വീഴുന്നത് നിത്യസംഭവമാണ്. ജില്ലാപഞ്ചായത്തിന്റെ കീഴിലാണ് ഈ റോഡ്. തകർന്നു കിടന്ന റോഡ് ഏറെ പരാതികൾക്കു ശേഷമാണ് രണ്ട് വർഷം മുമ്പ് പുനർനിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഡിവിഷനിൽ തന്നെയാണ് ഈ റോഡെന്നതാണ് കൗതുകം.
പാഴായ 6 ലക്ഷം !
2 വർഷം മുമ്പ് 6 ലക്ഷം രൂപ മുടക്കിയാണ് റോഡ് പുനർനിർമ്മിച്ചത്
റോഡ് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ തന്നെ നിർമ്മാണത്തിനുപയോഗിച്ചു
പേപ്പർ ഘനത്തിലാണ് ടാറിംഗെന്ന് അന്നേ ആരോപണം ഉയർന്നു
നിർമ്മാണം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ റോഡ് പൊളിഞ്ഞെന്ന് നാട്ടുകാർ
അടുത്ത ഫണ്ട് ഉടനില്ല
ഒരു റോഡിന് ഒരുതവണ ഫണ്ട് അനുവദിച്ചാൽ അഞ്ചു വർഷം കഴിഞ്ഞേ അടുത്ത ഫണ്ട് അനുവദിക്കാൻ പറ്റൂവെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതർ പറയുന്നത്. നിർമ്മാണത്തിൽ അഴിമതി നടന്നെന്നാരോപിച്ച് നാട്ടുകാർ ജില്ലാ പഞ്ചായത്തിന് പരാതി നൽകി
''പുനർ നിർമ്മാണം കഴിഞ്ഞ് 6 മാസത്തിനുള്ളിൽ റോഡ് തകർന്നു.ഇതിൽ പ്രദേശവാസികൾക്ക് വലിയ പ്രതിഷേധമുണ്ട്.പുന്നപ്ര പൗരസമിതിയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമര പരിപാടികൾ ആരംഭിക്കും
- ഹസൻ എം പൈങ്ങാമഠo
സ്നേഹപൂർവ്വം ജീവകാരുണ്യ സൗഹൃദ സമിതി പ്രസിഡന്റ്