കായംകുളം: കെ.എസ്.ആർ.ടി.സി ബസിലെ ജനറൽ സീറ്റിൽ ഇരുന്ന ഭിന്നശേഷിക്കാരനായ യുവാവിനെതിരെ, പൊലീസുകാരന്റെ ഭാര്യയായ സഹയാത്രിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്ത ഹൈവേ പൊലീസ് പുലിവാൽ പിടിച്ചു. യുവതിക്കെതിരെ ബസിലെ യാത്രക്കാർ രംഗത്തെത്തിയതും മറ്റൊരു യാത്രികൻ സംഭവം ഫേസ്ബുക്കിൽ ലൈവിടുകയും ചെയ്തതോടെ പൊലീസിന് മൊഴി നൽകാതെ യുവതിയും ഭർത്താവും മുങ്ങി. ഇതോടെ യുവാവിനെ പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു,
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കുട്ടനാട് ചമ്പക്കുളം സ്വദേശി മനുപ്രസാദിനെതിരെയാണ് (33) കായംകുളം പൊലീസ് സ്റ്റേഷനിൽ കണ്ടല്ലൂർ സ്വദേശിനി പരാതി നൽകിയത്. വലതുകാലിന് ശേഷിക്കുറവുള്ള മനുപ്രസാദ് ഓച്ചിറ ചങ്ങൻകുളങ്ങരയിൽ നിന്നാണ് ബസിൽ കയറിയത്. തുടർന്ന് സീറ്റിൽ യുവതിക്കടുത്ത് ഇരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി ഇയാളോട് കയർത്ത് എഴുന്നേറ്റ് മാറി. പിന്നീട് ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ഇയാൾ കായംകുളം ബസ് സ്റ്റാൻഡിൽ എത്തി ബഹളമുണ്ടാക്കിയെങ്കിലും ബസ് വിട്ടുപോയി. തുടർന്നാണ് ഇരുവരും കായംകുളം പൊലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് ബസ് സ്റ്റാൻഡിൽ വച്ച് ബസ് തടഞ്ഞ് ഹൈവേ പൊലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തു. യുവാവ് നിരപരാധിയാണെന്ന് വ്യക്തമായതോടെ വനിതകളായ മറ്റു യാത്രക്കാർ ഉൾപ്പടെ പ്രതിഷേധവുമായി രംഗത്തെത്തി. ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ വൈറലാവുകയും ചെയ്തു. യുവതിയോട് ഇന്നലെ രാവിലെ സ്റ്റേഷനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വന്നില്ല. ഇതോടെയാണ് യുവാവിനെ വിട്ടയച്ചത്.