# റെയിൽവേയുടെ അനുമതി നീളുന്നു

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ കളർകോട് ജംഗ്ഷൻ മുതൽ കൊമ്മാടി വരെുള്ള ബൈപാസിന്റെ പൂർത്തീകരണം ഈ ആഗസ്റ്റിലും നടക്കില്ലെന്ന് ഉറപ്പായി. മേൽപ്പാലത്തിനുള്ള രണ്ട് ഗർഡറുകൾ സ്ഥാപിക്കാൻ റെയിൽവേയിൽ നിന്ന് അനുമതി ലഭിച്ചാൽ ആലപ്പുഴയുടെ സ്വപ്നം യാഥാർത്ഥ്യമാകുമെങ്കിലും ഇതിനുള്ള കാത്തിരിപ്പ് തുടരുകയാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അധികൃതർ.

നിലവിൽ ഇവയുടെ അന്തിമ അറ്റകുറ്റപ്പണി മാത്രമേ നടക്കുന്നുള്ളൂ. റെയിൽവേയുടെ മുട്ടാത്തർക്കമാണ് പലപ്പോഴും വിനയാവുന്നത്. റെയിൽവേ വിഭാഗത്തിന്റെ പരിശോധന ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നതേയുള്ളൂ. ഇവരുടെ റിപ്പോർട്ട് ലഭിച്ചാലേ എന്തെങ്കിലുമൊന്ന് ഉറപ്പിക്കാനാവൂ.

കഴിഞ്ഞ മേയിൽ ബൈപാസ് പൂർത്തീകരണത്തിന്റെ ഭാഗമായി മേൽപ്പാലം നിർമ്മാണത്തിന് ഗർഡർ ഘടിപ്പിക്കുന്നതിന്റെ മുന്നോടിയെന്നോണം റെയിൽവേ സംഘം സന്ദർശനം നടത്തിയിരുന്നു. റെയിൽവേയുടെ സിവിൽ വിഭാഗം അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയറുടെ നേതൃത്വത്തിലാണ് വിവരങ്ങൾ ശേഖരിച്ചത്.

റെയിൽവേയിൽ നിന്ന് അനുമതി കിട്ടിക്കഴിഞ്ഞാൽ ഗർഡറുകൾ സ്ഥാപിക്കുന്നതിന് ട്രെയിൻ ഗതാഗതം താത്കാലികമായി നിറുത്തിവയ്ക്കേണ്ടിവരും. റെയിൽവേ ലൈനിലെ വൈദ്യുതി വിച്ഛേദിക്കുകയും വേണം. റെയിൽവേ ബോർഡിന്റെ അംഗീകാരത്തോടെ മാത്രമേ ട്രെയിൻ ഗതാഗതം ക്രമീകരിക്കാനാവൂ.

...................................

ബൈപാസ്

# 6.8 കിലോമീറ്റർ: ബൈപ്പാസിന്റെ ആകെ നീളം

# 255.75 കോടി: 2014ൽ അംഗീകരിച്ച എസ്റ്റിമേറ്റ്

# 274.39 കോടി: 2015ൽ എഗ്രിമെന്റ് വച്ച തുക

# 3.2 കി. മീറ്റർ: ബീച്ചിലെ എലിവേറ്റഡ് ഹൈവേ

............................................

# ആ കടമ്പ കടന്നു

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും റെയിൽവേ ബോർഡും തമ്മിൽ ഒപ്പുവയ്ക്കേണ്ടിയിരുന്ന ധാരണാപത്രം സംബന്ധിച്ച തടസങ്ങൾ നീങ്ങി. രണ്ടു മേൽപ്പാലങ്ങൾ ഉൾപ്പെടെ റെയിൽവേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് 7.13 കോടി രൂപ റെയിൽവേ ബോർഡിന് നൽകണമെന്നായിരുന്നു നിബന്ധന. ഇത് ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം റെയിൽവേ നിരാകരിച്ചു. ഇക്കാര്യം പറഞ്ഞ് വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടരുതെന്ന മന്ത്രി ജി. സുധാകരന്റെ നിലപാടിനെത്തുടർന്ന് സംസ്ഥാന സർക്കാർ തുക അടയ്ക്കുകയായിരുന്നു.

................................

# കഥയുണ്ട് ഏറെ

കേന്ദ്രത്തിൽ ജനതാപാർട്ടി അധികാരത്തിലിരിക്കെ, ഉപരിതല ഗതാഗത മന്ത്രിയായിരുന്നു കെ.പി.ഉണ്ണിക്കൃഷ്ണനാണ് ബൈപാസിന് ശിലയിട്ടത്. ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായിരുന്നു ലക്ഷ്യം. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ വീണ്ടും തറക്കല്ലിട്ടു. തുടർന്നുള്ള ഒാരോ ഘട്ടത്തിലും

തടസങ്ങളുടെ ഘോഷയാത്രയായിരുന്നു.

.........................................

'റെയിൽവേയുടെ പൂർണ്ണ അനുമതി കിട്ടിക്കഴിഞ്ഞാൽ പണി പൂർത്തീകരിക്കും. ഇത് എന്ന് എന്നിപ്പോൾ പറയാൻ കഴിയില്ല. എല്ലാം വേഗം ഒത്തുവന്നാൽ ആഗസ്റ്റിൽ പൂർത്തിയാക്കാൻ കഴിഞ്ഞേക്കാം. നിലവിൽ ബൈപാസിന്റെ ചെറിയ പണികളാണ് നടക്കുന്നത്'

(പൊതുമരാമത്ത് അധികൃതർ)

..............................................

'നിലവിലെ സാഹചര്യത്തിൽ ബൈപാസ് നിർമ്മാണം ആഗസ്റ്റിൽ പൂർത്തീകരിക്കാൻ കഴിയുമോയെന്ന് പറയാനാവില്ല. റെയിൽവേയുടെ അനുമതിയാണ് പ്രധാന വിഷയം'

(എ.എം.ആരിഫ്, എം.പി)