കറ്റാനം: നാമ്പുകുളങ്ങരയിലെ ഒരുമിച്ചു നിന്ന ആൽമാവിൽ മാവ് മുത്തശ്ശി കട പുഴകി വീണു. ഒരു നൂറ്റാണ്ടിലധികം കാലം ആൽമരവുമായി ചേർന്ന് തണലേകിയ മാവാണ് ഇന്നലെ രാവിലെ 8.30 ഓടെ വീണത്. ജംഗ്ഷന് സമീപമുള്ള ഇലിപ്പക്കുളം പബ്ലിക് ലൈബ്രറി, ഇലിപ്പക്കുളo കറുകത്തറയിൽ റഷീദിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ, അജയന്റെ ഉടമസ്ഥതയിലുള്ള ടയർ പഞ്ചർ സ്ഥാപനം എന്നിവയ്ക്കു മുകളിലേക്കാണ് മാവ് വീണത്. വീഴ്ചയിൽ ഇവയ്ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ഹോട്ടലിൽ ചായ കുടിച്ചിരുന്ന ഓട്ടോ ഡ്രൈവർമാരായ നവാസ് (36), നുജും (32), ബി.എസ്.എൻ.എൽ ജീവനക്കാരൻ ശരവണൻ (50), എന്നിവർക്ക് മാവിന്റെ ശിഖരങ്ങൾ വീണ് നിസാര പരിക്ക് പറ്റി. മറ്റുള്ളവർ ഓടി രക്ഷപെട്ടതിനാൽ വൻ അപകടം ഒഴിവായി.തുടർന്ന് കായംകുളത്ത് നിന്നെത്തിയ ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തിയെങ്കിലും ഗതാഗത തടസമില്ലാത്തതിനാൽ കടപുഴകി വീണ മാവ് മുറിച്ചുമാറ്റാൻ തയ്യാറായില്ല. തുടർന്ന് ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. വി.വാസുദേവൻ, പഞ്ചായത്തംഗം നികേഷ് തമ്പി എന്നിവർ ഇടപെട്ട് മരം മുറിച്ച് മാറ്റുകയായിരുന്നു.
കട പുഴകി വീണ മാവ് മുത്തശ്ശിയെ കാണാൻ നൂറു കണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്.