# നടപടിയെടുക്കാതെ പഞ്ചായത്തുകൾ
തുറവൂർ: താലൂക്കിന്റെ വടക്കൻ മേഖലകളിൽ തെരുവ് നായകളുടെ പരാക്രമം നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. ദേശീയ പാതയിലും ഇടറോഡുകളിലും പൊതുവഴികളിലും കൂട്ടമായെത്തുന്ന നായകളുടെ ശല്യം മൂലം നടന്നോ, ഇരുചക്ര വാഹനങ്ങളിലോ പോകാനാവാത്ത അവസ്ഥയാണിപ്പോൾ.
അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട് പഞ്ചായത്ത് പ്രദേശങ്ങളിലാണ് തെരുവ് നായകളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നത്. ദേശീയപാതയിൽ വാഹനങ്ങൾ തട്ടി നിത്യേന നിരവധി നായകൾ ചാകുന്നുണ്ടെങ്കിലും ഇവയെ നീക്കം ചെയ്യാൻ ആധികൃതർ ആരെയും നിയോഗിക്കാറില്ല. വാഹനങ്ങൾ കയറി അരയുന്ന മൃതദേഹങ്ങൾ മഴക്കാലത്ത് ചീഞ്ഞളിഞ്ഞും അല്ലാത്തപ്പോൾ ഉണങ്ങിയും ഇല്ലാതാവുന്നതാണ് പതിവ്.
കുറുകെ ചാടുന്ന നായകളിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കവേ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റവരും നിരവധിയാണ്.
വഴിയോരങ്ങളിലും ദേശീയ പാതയോരത്തും കുറ്റിക്കാടുകൾ ഉള്ള സ്ഥലങ്ങളിലും അടുക്കള മാലിന്യങ്ങളും ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യങ്ങളും നിക്ഷേപിക്കുന്നതിനാൽ നായകൾക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല. സന്ധ്യകഴിഞ്ഞാൽ കൂട്ടത്തോടെ സഞ്ചരിക്കുന്ന ഇവ ഈ സമയം ആക്രമിക്കുന്ന കാര്യത്തിലും ഒറ്റക്കെട്ടാണ്. ജോലി കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് മടങ്ങുന്നവരും പ്രഭാത സവാരിക്ക് ഇറങ്ങുന്നവരുമാണ് പലപ്പോഴും ആക്രമണത്തിന് ഇരയാവുന്നത്.
# ആദ്യത്തെ അനക്കം മാത്രം
നേരത്തെ പരാതികളെ തുടർന്ന് നായകളെ വന്ധ്യംകരിക്കാൻ ചില പഞ്ചായത്തുകൾ മുന്നോട്ടുവന്നിരുന്നു. എന്നാൽ ചെലവ് കൂടുതലാണെന്ന പേരിൽ വിരലിലെണ്ണാവുന്നവയെ മാത്രമേ പിടികൂടിയുള്ളൂ. തുടർന്ന് യാതൊരു നടപടിയും ഉണ്ടായില്ല.