ആലപ്പുഴ: വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യ പുഷ്കരനെ വെട്ടിവീഴ്ത്തി പെട്രോളൊഴിച്ച് ചുട്ടുകൊന്ന സംഭവശേഷം പൊള്ളലേറ്റ് മരണത്തിന് കീഴടങ്ങിയ ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജാസിന്റെ ജീവിത പശ്ചാത്തലം അന്വേഷണസംഘം പരിശോധിക്കുന്നു. പരിശീലനം ലഭിച്ച കൊലയാളികളുടേതിന് സമാനമായ വെട്ടാണ് സംശയത്തിന്റെ നിഴൽ നീളാൻ കാരണം.
സൗമ്യയുടെ കഴുത്തിനേറ്റത് പതിമൂന്ന് സെന്റി മീറ്റർ നീളത്തിലുള്ള മുറിവാണ്. തുടർന്ന് നെഞ്ചിലും ആഴത്തിൽ വെട്ടിയിരുന്നു. വ്യക്തമായ പരിശീലനം ലഭിച്ചവർക്ക് മാത്രമേ പിടിവലിക്കിടെ ഇത്ര കൃത്യതയോടെ വെട്ടിവീഴ്ത്താൻ കഴിയൂ എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. അജാസിന് തീവ്രവാദ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മഹാരാജാസ് കോളേജിലെ അഭിമന്യു കൊലക്കേസിന് സമാനരീതിയിലാണ് സൗമ്യയ്ക്കും വെട്ടേറ്റിരിക്കുന്നത്. എന്നാൽ ഈ കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
മൊഴി പ്രകാരം കൃത്യം അജാസ് ഒറ്റയ്ക്കാണ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കാറിലെത്തിയ അജാസ് സൗമ്യയുടെ സ്കൂട്ടറിനെ ഇടിച്ചിടുകയാണ് ആദ്യം ചെയ്തത്. തുടർന്ന് ജീവരക്ഷാർത്ഥം അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ സൗമ്യയെ പിന്നാലെയെത്തി കഴുത്തിൽ കൊടുവാൾ കൊണ്ട് വെട്ടി വീഴ്ത്തി. പിന്നീട് പെട്രോളൊഴിച്ച് തീകൊളുത്താൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്. സംഭവശേഷം അജാസിനൊപ്പം മറ്റാരോ ഉണ്ടായിരുന്നതായും ഇയാൾ രക്ഷപ്പെട്ടെന്നും നാട്ടുകാരും ആരോപിച്ചിരുന്നു.
അജാസ് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേട്ടിന് നൽകിയ മൊഴിയിൽ താൻ തനിച്ചാണ് കൃത്യം നടത്തിയതെന്നാണ് പറഞ്ഞിരുന്നത്. ഇത് മുഖവിലക്കെടുത്ത് അജാസിൽ മാത്രം അന്വേഷണം ഒതുക്കാൻ നീക്കം നടക്കുന്നതിനിടെയാണ് സംശയത്തിന്റെ നിഴൽ മറ്റൊരു ദിശയിലേക്ക് കേസിനെ നയിക്കുന്നത്. അതിനിടെ അജാസിനെപ്പറ്റി കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവ് സജീവും രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണം ലോക്കൽ പൊലീസിൽ നിന്ന് മാറ്റി മറ്റ് ഏജൻസികൾക്ക് നൽകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
അജാസിന്റെ സൗഹൃദം ശല്യമായി മാറിയതോടെ സൗമ്യ ഇയാളുടെ നമ്പർ ബ്‌ളോക്ക് ചെയ്തതാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സൗമ്യ തന്നെ ഒഴിവാക്കുന്നതായി തോന്നിയ അജാസ് വള്ളികുന്നത്തെ വീട്ടിലെത്തി സൗമ്യയെ മർദ്ദിച്ചിരുന്നതായും വള്ളികുന്നം എസ്.ഐയെ ഇക്കാര്യം അറിയിച്ചിരുന്നതായും മാതാവ് ഇന്ദിര വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. എറണാകുളത്ത് നിന്നെടുത്ത വാടക കാറിലാണ് അജാസ് വള്ളികുന്നത്ത് എത്തിയത്. കാറിന്റെ ഉടമയെ പൊലീസ് കണ്ടെത്തിയിരുന്നു. കാറും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പെട്രോൾ കുപ്പികളും പൊലീസ് കസ്റ്റഡിയിലെടുത്തു. ആയുധങ്ങൾ നിർമ്മിച്ച സ്ഥലവും പെട്രോൾ വാങ്ങിയ പമ്പും കണ്ടെത്താനായിട്ടില്ല. മെഡിക്കൽ ലീവെടുത്ത അജാസ് എത്രദിവസം വള്ളികുന്നത്ത് തങ്ങിയെന്നും പൊലീസിന് അറിയില്ല.
ഒരുമാസത്തിനുള്ളിൽ ചാർജ് ഷീറ്റ്
തെളിവുകൾ പൂർണമായി ലഭിച്ചാൽ ഒരുമാസത്തിനുള്ളിൽ കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിക്കും. സിം കാർഡുകളിൽ നിന്ന് സൈബർ സെൽ ശേഖരിച്ച വിവരങ്ങൾ, വിരലടയാളങ്ങൾ, ശാസ്ത്രീയ പരിശോധനാ ഫലം, വാഹനം ഇടിപ്പിച്ചത് സംബന്ധിച്ച് മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട് എന്നിവ ലഭിച്ചാലുടൻ ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിക്കും. ക്രിമിനൽ കേസുകളിലെ പ്രതി മരിച്ചാൽ കോടതിയിൽ വിശദമായ കുറ്റപത്രം നൽകുന്ന പതിവില്ല. പകരം കേസിന്റെ സാഹചര്യവും പ്രതിയുടെ മരണവും വ്യക്തമാക്കി കോടതിയിൽ മരിച്ചയാളിന്റെ പേരിൽ ചാർജ് ഷീറ്റ് സമർപ്പിക്കും. കൊലപാതക കാരണം, അതിലേക്ക് നയിച്ച സാഹചര്യം തുടങ്ങിയവ തെളിയിക്കണം. കൂട്ടുപ്രതിയുണ്ടെങ്കിൽ മാത്രമേ കേസിന്റെ സ്വഭാവം മാറുകയുള്ളു.
''കാറിൽ നിന്ന് ലഭിച്ച വിരലടയാളം പ്രതിയുടേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഡ്രൈവർ സീറ്റിൽ നിന്ന് ലഭിച്ച വിരലടയാളവും അജാസിന്റേതാണ്. മറ്റ് റിപ്പോർട്ടുകൾ ലഭിച്ചാലുടൻ ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിക്കും.
ഷൈജു എബ്രഹാം, എസ്.ഐ, വള്ളികുന്നം