photo

ചേർത്തല: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചേർത്തലയിൽ സ്കൂളുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സെമിനാറുകളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തി.

എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ സെമിനാറും സിനിമ പ്രദർശനവും സൈക്കിൾ റാലിയും നടത്തി. ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ബിനു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ യു.ജയൻ അദ്ധ്യക്ഷത വഹിച്ചു. ലെഫ്റ്റനന്റ് ഷൈന കുട്ടപ്പൻ, ഗൈഡ് ക്യാപ്ടൻ ജി.അജി, എൻ.ജയൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.അനുപമ എന്നിവർ സംസാരിച്ചു. കോടംതുരുത്ത് ഗവ.വി.വി.എച്ച്.എസ്.എസിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒഴുക്കിനെതിരെ ലഹരി വിരിച്ച് എന്ന കൈയെഴുത്ത് മാസിക ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ.രശ്മി പ്രകാശനം ചെയ്തു. അദ്ധ്യാപകരായ പി.ആർ.ഷിബു, ആർ.വിനേഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. അർജ്ജുൻ ബാബുവിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.തുടർന്ന് ലഹരി വിരുദ്ധ കാർട്ടൂൺ പ്രദർശനവും നടന്നു.

മയക്കുമരുന്ന് ഉപേക്ഷിക്കൂ, മനുഷ്യനാകു 'എന്ന മുദ്റാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ചേർത്തല ബ്ലോക്ക് കമ്മി​റ്റിയുടെ നേതൃത്വത്തിൽ ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്​റ്റാൻഡിൽ യാത്രക്കാർക്ക് ലഘുലേഖകൾ വിതരണം ചെയ്തു. ലഘുലേഖ വിതരണം ചേർത്തല എക്‌സ്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.സി.ബൈജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി.ശ്യാം കുമാർ, പ്രസിഡന്റ് പി.എസ്.പുഷ്പരാജ്, നൂപ് വേണു,പി.എസ്.ശ്യാംകുമാർ,ധന്യ ജയദേവൻ,എൻ.എം.ജോണിച്ചൻ, അനുപ്രിയ ദിനൂപ് എന്നിവർ പങ്കെടുത്തു.

തണ്ണീർമുക്കം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളിൽ അവതരിപ്പിക്കുന്നതിനുള്ള തെരുവ് നാടകത്തിന്റെ അവതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.വി.വിനു അദ്ധ്യക്ഷത വഹിച്ചു. ചേർത്തല എക്സൈസ് ഇൻസ്പെക്ടർ എസ്.ബിനു, വാർഡ് അംഗം ജോബിൻ ജോസഫ്, പ്രിൻസിപ്പൽ പി.ജയലാൽ,എച്ച്.എം.ഷാജൻ ജോസഫ് എന്നിവർ സംസാരിച്ചു. വെള്ളെലികൾ എന്ന തെരുവുനാടകമാണ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് അവതരിപ്പിക്കുന്നത്. നാടകത്തിന്റെ രചനയും സംവിധാനവും സംഗീതാവിഷ്കരണവും അദ്ധ്യാപകരായ ബെൻറോയിയും സുരേഷും ചേർന്നാണ് ഒരുക്കിയിട്ടുള്ളത്. എസ്.എം.സി ചെയർമാൻ സി.വിനുവിന്റെ നേതൃത്വത്തിലുള്ള രക്ഷാകർത്തൃ നിരയും നാടകത്തിന് പിന്തുണയുമായുണ്ട്.