അമ്പലപ്പുഴ : വിദ്യാർത്ഥികൾക്ക് വിൽക്കാനായി ട്രോളിബാഗിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി സ്കൂൾ പരിസരത്ത് എത്തിയയാളെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. വാടയ്ക്കലിൽ വാടകയ്ക്ക് താമസിക്കുന്ന ചെങ്ങന്നൂർ കൊല്ലകടവ് ഷാജി മൻസിലിൽ ഷാജഹാനെയാണ് (47) പുന്നപ്ര എസ് .ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ വൈകിട്ട് അറവുകാട് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തു നിന്ന് ഇന്നലെ വൈകിട്ട് 4.30 ഓടെ പിടികൂടിയത്. ട്രോളി ബാഗും വലിച്ചുകൊണ്ട് പോവുകയായിരുന്ന ഇയാൾ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. പൊലീസിനെ കണ്ട് പരുങ്ങിയതോടെ ബാഗ് പരിശോധിച്ചപ്പോൾ 1170 പാക്കറ്റ് പാൻപരാഗ് കണ്ടെത്തി. ഇന്ന് അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കും. എ .എസ് .ഐ അശോകൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബോബൻ, തോമസ് മാത്യു, അജീഷ്, സിബിദാസ്, ഹാരിസ്, നിധിൻ, തോമസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു