തിരിഞ്ഞ് നോക്കാതെ നഗരസഭ അധികൃതർ
ചേർത്തല : ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തിയ നഗരസഭ കെട്ടിട സമുച്ചയത്തിന്റെ മുന്നിൽ പാകിയ ടൈലുകൾ ഇളകിമാറിയത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും കെണിയാകുന്നു. കെട്ടിട സമുച്ചയത്തിലേയ്ക്ക് പ്രവേശിക്കുന്ന പ്രധാന വഴിയിലെ ടൈലുകളാണ് പൊട്ടിപ്പൊളിഞ്ഞ നിലയിലുള്ളത്. മഴപെയ്താൽ ടൈലുകൾ ഇളകിയിടത്ത് വെള്ളം കെട്ടിനിൽക്കും. ഇരുചക്ര വാഹനയാത്രക്കാർ ഇതിൽ കയറി വീഴുന്നതും പതിവാണ്. ടൈലുകൾ ഇളകിക്കിടക്കുന്നതു കാരണം കാറുകൾ ഉൾപ്പെടെ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതും ഏറെ പ്രയാസപ്പെട്ടാണ്. ഇത്രയൊക്കെയായിട്ടും നഗരസഭ അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
പ്രളയത്തിനു മുമ്പാണ് 30 ലക്ഷം രൂപ മുടക്കി കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തിയത്. നിർമ്മാണം പൂർത്തിയായി ആഴ്ചകൾ പിന്നിട്ടപ്പോൾ തന്നെ ടൈലുകൾ ഇളകിയതായി പറയപ്പെടുന്നു. എന്നാൽ, കരാറുകാരനെ ബന്ധപ്പെട്ട് ഇത് പരിഹരിക്കുന്നതിനുള്ള ഒരു ശ്രമവും അധികൃതർ കൈക്കൊണ്ടില്ലെന്ന് ആരോപണമുണ്ട്.
30
ലക്ഷം രൂപ മുടക്കിയാണ് അറ്റകുറ്റപ്പണി നടത്തിയതും ടൈൽ പാകിയതും.
31 വർഷം
1988ൽ കെ.രവീന്ദ്രപിള്ള ചെയർമാനായിരുന്ന കാലത്താണ് ഒരു കോടിയിലധികം രൂപ വിനിയോഗിച്ച് ദേവീ ക്ഷേത്രത്തിന് മുന്നിലായി നഗരസഭകെട്ടിട സമുച്ചയം നിർമ്മിച്ചത്. 31 വർഷങ്ങൾക്കിടെ കഴിഞ്ഞ ഒരു തവണയാണ് ഇവിടെ അറ്റകുറ്റപ്പണി നടത്തിയത്.40 ഓളം കടമുറികളുണ്ടിവിടെ. 15 ഓളം സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. വാടകക്കാർക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും നഗരസഭ പരാജയമാണെന്ന് ആരോപണമുണ്ട്.
''പ്രവേശന കവാടം ഉൾപ്പെടെ അടിയന്തരമായി പുനർനിർമ്മിക്കണം
വ്യാപാരികൾ
നഗരസഭ കെട്ടിട സമുച്ചയത്തിന്റെ പ്രവേശന കവാടം പൊട്ടിപ്പൊളിഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇത് പുനർ നിർമ്മിക്കുന്നതിനായി അടിയന്തരമായി ഇടപെടും.യാത്രക്കാരുടെയും വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കും.
പി.ഉണ്ണിക്കൃഷ്ണൻ,മുനിസിപ്പൽ ചെയർമാൻ