mobility

ആലപ്പുഴ: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന മൊബിലിറ്റി ഹബ് നിർമ്മാണം സെപ്തംബറിൽ തുടങ്ങും.493 കോടി മുടക്കി നിർമ്മിക്കുന്ന മൊബിലിറ്റി ഹബിന്റെ ആദ്യഘട്ടത്തിനായി 129.12 കോടിരൂപ കിഫ്ബി ഡയറക്ടർ ബോർഡ് യോഗം അനുവദിച്ചു. കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് നിർമ്മാണമാണ് ആദ്യഘട്ടത്തിൽ. ഇതിനുവേണ്ടി നിലവിലെ കെ.എസ്.ആർ.ടി.സി ഗാരേജ് വളവനാട്ടേക്ക് മാറ്റും. താത്കാലിക ഗാരേജിന്റെ നിർമ്മാണം അവിടെ ആരംഭിച്ചു. ഇൻഫ്രാ സ്ട്രക്ച്ചേഴ്സ് കേരള ലിമിറ്റഡിനാണ് (ഇൻകെൽ) പദ്ധതിയുടെ മേൽനോട്ടച്ചുമതല. വൈറ്റില ഹബ് മാതൃകയിലാണ് പദ്ധതി. ജലഗതാഗതവും റോഡ് വികസനവും പദ്ധതിയിലുണ്ട്.

ഗാരേജ് വളവനാട്ടേക്ക് മാറ്റുമെങ്കിലും ബസ് സർവീസുകൾ തുടങ്ങുന്നത് ആലപ്പുഴയിൽ നിന്നായിരിക്കും. ഇപ്പോഴത്തെ സ്റ്റാൻഡ് ബസുകൾ കയറിയിറങ്ങിപ്പോകുന്നതിന് മാത്രമാക്കും. ബസിന്റെ അറ്റകുറ്റപ്പണി വളവനാട്ടായിരിക്കും. മൊബിലിറ്റി ഹബിൽ ഏറ്റവും കൂടുതൽ സ്ഥലം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിനാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും ഗാരേജും കൂടാതെ ബോട്ട് ജെട്ടിയും കോടതിപ്പാലവും ജില്ലാക്കോടതി റോഡും ശവക്കോട്ടപ്പാലം വരെയുള്ള കനാലും ഉൾപ്പെടുത്തിയാണ് മൊബിലിറ്റി ഹബ് നിർമ്മിക്കുക. പദ്ധതിക്കായി 520.76 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. എന്നാൽ അഗ്നിരക്ഷാ സേന ഓഫീസും ജില്ലാക്കോടതി പാലവും പ്രത്യേക പദ്ധതികളായി വികസിപ്പിക്കാനുള്ള നടപടികളായതിനെതുടർന്നാണ് പദ്ധതി തുക 493 കോടിയായി കുറഞ്ഞത്. പദ്ധതിയോടനുബന്ധിച്ചുള്ള സർവേ പൂർത്തീകരിച്ചു. സർക്കാരിന്റെ കൈവശമുള്ള സ്ഥലങ്ങളുടെ ഏകോപനത്തിലൂടെയാണ് ഹബിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നത്.

മുഖംമാറ്റുന്ന പദ്ധതി

 കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ

 ജലഗതാഗത വകുപ്പിന്റെ ബോട്ട് ടെർമിനൽ

 ജലഗതാഗത വകുപ്പ് ആസ്ഥാന ഒാഫീസ്

 ബോട്ട് റിപ്പയറിംഗ് ഡോക് യാർഡ്

 വാണിജ്യ സ്ഥാപനങ്ങൾ

 യാത്രക്കാർക്ക് വിശ്രമ കേന്ദ്രം

 എക്സിബിഷൻ കേന്ദ്രം

ബസ്, ബോട്ട് സർവീസ് സംയോജിപ്പിച്ചുള്ള പദ്ധതി

493

മൊബിലിറ്റി ഹബിന്റെ ആകെ ചെലവ് 493 കോടി

12

പദ്ധതിക്കായി 12 ഏക്കർ സ്ഥലം വേണം