ആറാട്ടുപുഴയിൽ റോഡുകൾ തകർന്നിട്ടും പുനർനിർമ്മാണമില്ല
ഹരിപ്പാട് : ഇതിനൊക്കെ റോഡെന്ന് പറയാമോ? തകർന്നു തരിപ്പണമായി കിടക്കുന്ന റോഡുകൾ കാട്ടി ആറാട്ടുപുഴയുടെ തെക്കൻ മേഖലയിലുള്ളവർ ചോദിക്കുകയാണ്. പ്രദേശത്തെ പ്രധാന റോഡുകളെല്ലാം തകർന്നിട്ട് നാളുകളേറെയായി. പലേടത്തും റോഡ് പേരിന് മാത്രമേയുള്ളൂ. കുണ്ടും കുഴിയും നിറഞ്ഞു യാത്ര ദുരിതമായി. പെരുമ്പള്ളി ജങ്കാർ ജംഗ്ഷന് തെക്കോട്ടുള്ള ഭാഗത്തെ തീരദേശപാതയുടെ സ്ഥിതിയും വ്യത്യസ്തമല്ല.
വലിയഴീക്കൽ സ്‌കൂളിലെ കുട്ടികളടക്കം നിരവധിപേരാണ് തീരദേശ റോഡിന്റെ ദുരവസ്ഥ കാരണം ദുരിതം അനുഭവിക്കുന്നത്. തറയിൽക്കടവ് ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് മഹാദേവക്ഷേത്രം വഴി വലിയഴീക്കൽ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെത്തുന്ന ഗ്രാമീണറോഡും തകർന്നുകിടക്കുകയാണ് . യുവശക്തി ഗ്രന്ഥശാല, തറയിൽക്കടവ് മഹാദേവക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ് എന്നിവിടങ്ങളിലെല്ലാം റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഈ റോഡ് പുനർ നിർമിക്കുമെന്ന് പറയാൻ തുടങ്ങിയെട്ട് നാളുകളേറെയായെങ്കിലും ഇതുവരെ യാതാരു നടപടിയും ഉണ്ടായിട്ടില്ല. കടലേറ്റസമയങ്ങളിൽ തീരദേശപാതയിൽ മണൽ നിറഞ്ഞ് ഗതാഗത തടസമുണ്ടാകുമ്പോൾ നാട്ടുകാരും വിദ്യാർത്ഥികളും സമാന്തരപാതയായി ഇത്തരം ഗ്രാമീണ റോഡുകളെയാണ് ആശ്രയിക്കുന്നത്. റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ചർച്ചചെയ്യാനായി വലിയഴീക്കൽ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ ഒരാഴ്ച മുൻപ് സർവകക്ഷിയോഗം വിളിച്ചിരുന്നു.
അറ്റകുറ്റപ്പണി ഒലിച്ചുപോയി !
തീരദേശപാതയിൽ തൃക്കുന്നപ്പുഴ മുതൽ ജങ്കാർ ജംഗ്ഷൻ വരെയുളള ഭാഗം ഒന്നര വർഷം മുമ്പ് മികച്ച നിലവാരത്തിൽ പുനർനിർമ്മിച്ചിരുന്നു.
ജങ്കാർ ജംഗ്ഷന് തെക്കോട്ട് നാലുകിലോമീറ്ററിൽ അറ്റകുറ്റപ്പണി മാത്രമേ നടത്തിയുള്ളൂ
ഈ ഭാഗമാണ് ഇപ്പോൾ പൊട്ടിത്തകർന്നു കിടക്കുന്നത്.
റോഡല്ല, ചെളിക്കുണ്ട്
തീരദേശ റോഡിൽ നിന്ന് വലിയഴീക്കൽ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലേക്കുളള പ്രധാന പാതയിൽക്കൂടി ഇരുചക്രയാത്ര പോലും ദുസ്സഹമാണിപ്പോൾ. കൂടുതൽ കുഴിയുളള ഭാഗങ്ങളിൽ അടുത്തിടെ പാറച്ചീളുകൾ നിരത്തിയെിലും ഫലവത്തായില്ല. കടൽ അടിച്ചുകയറ്റിയ മണൽ നാട്ടുകാർ ഈ ഭാഗത്ത് നിരത്തിയെിലും മഴ പെയ്തതോടെ റോഡിലാകെ ചെളിയായി . ഇതോടെ കാൽനട പോലും സാദ്ധ്യമല്ലാത്ത സ്ഥിതിയാണിവിടെ.
''ആറാട്ടുപുഴയുടെ തെക്കൻ പ്രദേശത്തെ പ്രധാന ഗ്രാമീണ പാതകളെല്ലാം തകർന്ന നിലയിലാണ്. എത്രയും പെട്ടെന്ന് ഈ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തും.
- ആറാട്ടുപുഴ-വലിയഴീക്കൽ തീരദേശ
സംരക്ഷണ സമിതി പ്രവർത്തകർ