ചേർത്തല : ഒരു വർഷമായുള്ള കാത്തിരിപ്പിന് പന്ത്രണ്ട് മണിക്കൂറിനുള്ളിൽ പരിഹാരമുണ്ടാക്കി. കളക്ടർ. തണ്ണീർമുക്കം പഞ്ചായത്ത് വക ബസ് സ്റ്റാൻഡിനാണ് കളക്ടർ അദീല അബ്ദുള്ളയുടെ ഇടപെടലിനെത്തുടർന്ന് അംഗീകാരം ലഭിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിയിലെ സർവ കക്ഷി സംഘം നൽകിയ നിവേദനത്തെ തുടർന്നാണ് 12 മണിക്കൂറിനുള്ളിൽ സ്റ്റാൻഡിന് അംഗീകാരം നൽകാൻ കളക്ടർ ഉത്തരവിട്ടത്. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ഷിബു.കെ.ഇട്ടി ഇന്നലെ അനുമതി ഉത്തരവ് കൈമാറി.
ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ബസുകൾ ഇവിടേക്ക് കയറിയിരുന്നില്ല. റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അംഗീകാരം സ്റ്റാൻഡിന് ലഭിക്കാത്തതായിരുന്നു കാരണം.
സാങ്കേതിക പ്രശ്‌നങ്ങൾ പറഞ്ഞ് അംഗീകാരം നൽകുന്നത് നീട്ടിക്കൊണ്ടുപോയി. അംഗീകാരത്തിനായി മുപ്പതോളം പുതിയ നിർദ്ദേശങ്ങളാണ് പഞ്ചായത്ത് ഭരണസമിതിക്ക് ട്രാൻസ്‌പോർട്ട് അതോറിട്ടി കൈമാറിയത്. ഇതെല്ലാം നടപ്പാക്കിയെങ്കിലും അംഗീകാരം മാത്രം ലഭിച്ചിരുന്നില്ല.
ഒന്നു മുതൽ ബസുകൾ
സ്റ്റാൻഡിൽ കയറും
സ്ഥലം വാങ്ങിയത് ഉൾപ്പെടെ ഒന്നരക്കോടിയിലധികം രൂപയാണ് ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് ചെലവായത്. മന്ത്റി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച ദിവസം മുതൽ രണ്ടാഴ്ചച കാലത്തോളം കെ. എസ്. ആർ. ടി.സി ബസുകൾ സ്റ്റാൻഡിൽ കയറിയിരുന്നു. ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഉത്തരവ് ഇല്ലാതിരുന്നതിനാൽ സ്വകാര്യ ബസുകൾ കയറിയില്ല. ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ ഒന്നാം തീയതി മുതൽ എല്ലാ വാഹനങ്ങളും സ്റ്റാൻഡിൽ കയറും.ഒന്നിന് രാവിലെ 11 ന് ആർ.ടി.ഒ ഷിബു.കെ.ഇട്ടി ബസുകൾ ഫ്ളാഗ് ഒഫ് ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിക്കും.