ajayan

പൂച്ചാക്കൽ : വാക്കേറ്റത്തെ തുടർന്ന് യുവാവിനെ അയൽവാസി എയർ ഗണ്ണിന് വെടിവച്ചു വീഴ്ത്തി. പരിക്കേറ്റ തൈക്കാട്ടുശേരി ഉളവയ്പ് രണ്ടാം വാർഡ് ഗോപിനിവാസിൽ ൻ ഗോപീഷ് ലാലിനെ (25) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മാടശേരി അജയനെ (38) പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 11.30 നാണ് സംഭവം. അയൽവാസികളായ ഇരുവരും തമ്മിൽ റോഡിൽവച്ച് വാക്കുതർക്കമുണ്ടായി. അജയൻ മാതാപിതാക്കളെ അസഭ്യം പറഞ്ഞത് ഗോപീഷ് ലാൽ ചോദ്യം ചെയ്തു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ അജയൻ പക്ഷികളെയും മറ്റും വെടിവയ്ക്കാനുപയോഗിക്കുന്ന എയർ ഗണ്ണുമായെത്തി ഗോപീഷ് ലാലിനു നേരെ വെടിവയ്ക്കുകയായിരുന്നു. വയറിനു വെടിയേറ്റ് ഗോപീഷ് ലാൽ നിലത്തുവീണു. നിലവിളി കേട്ടെത്തിയ അയൽവാസികൾ ഉടൻ തന്നെ ഗോപീഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അജയനെ പൂച്ചാക്കൽ എസ്.ഐ കെ..എസ്. ഷാജന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.