ആലപ്പുഴ : കാരുണ്യ ചികിത്സാ സഹായ പദ്ധതിക്ക് പകരം നാളെ മുതൽ പുതിയ ചികിത്സാ സഹായ പദ്ധതിയായ "കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി" നിലവിൽ വരും. ബി.പി.എൽ കുടുംബങ്ങൾക്കും പാവപ്പെട്ട രോഗികൾക്കും ചികിത്സാ സഹായം നൽകുന്നതിനായി 2012ൽ ആരംഭിച്ചതാണ് കാരുണ്യ ചികിത്സാ സഹായ പദ്ധതി. വാർഷിക വരുമാനം 3ലക്ഷം രൂപയിൽ കുറവുള്ള കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുന്നത്.
സർക്കാർ നിർദേശം അനുസരിച്ച് ഇന്ന് മുതൽ ജില്ലാ ലോട്ടറി ഓഫീസുകളിൽ കാരുണ്യ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അപേക്ഷ സ്വീകരിക്കില്ല. പുതിയ പദ്ധതിക്കുള്ള അപേക്ഷകൾ മെഡിക്കൽ കോളേജ്, ജില്ല, താലൂക്ക് ആശൂപത്രികളിലെ ആർ.എസ്.ബി.വൈ കൗണ്ടറുകളിൽ സ്വീകരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരിൻെറ വിവധ ആരോഗ്യ സഹായ പദ്ധതികൾ ഒന്നിപ്പിച്ചാണ് പുതിയ പദ്ധതി. നിലവിൽ രണ്ട് ലക്ഷം രൂപയായിരുന്ന സഹായ പരിധി അഞ്ച് ലക്ഷം രൂപയായി ഉയർത്തി. കേന്ദ്ര സർക്കാരിൻെറ ആയുഷ്മാൻ ആരോഗ്യ പദ്ധതിയും ഇതിൽപ്പെടുത്തിയാണ് നടപ്പാക്കുന്നത്.
ആയുഷ്മാൻ പദ്ധയിൽ 18 ലക്ഷം കുടുംബങ്ങൾക്കേ സഹായം കിട്ടുകയുള്ളു. പരമാവധി കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പുതിയ പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതി നിലവിൽ വരുന്നതോടെ 40 ലക്ഷം കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കും.കാരുണ്യ ലോട്ടറി വില്പനയിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും ചികിത്സാ സഹായം നൽകാനാണ് ചെലവഴിക്കുന്നത്.
കാരുണ്യ ചികിത്സാ സഹായ പദ്ധതി
2012 ൽ ആരഭിച്ചു
2 ലക്ഷമാണ് ലഭിക്കുന്ന പരമാവധി തുക (പ്രത്യേക കേസായി കരുതി വൃക്കരോഗികൾക്ക് 3 ലക്ഷം രൂപവരെ നൽകിയിരുന്നു)
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി
1 ജൂലായ് ഒന്നുമുതൽ
5 ലക്ഷം വരെ സഹായമായി ലഭിക്കും
അപേക്ഷ സ്വീകരിക്കുന്നത്
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ചേർത്തല,ഹരിപ്പാട്, കായംകുളം,മാവേലിക്കര,ചെങ്ങന്നൂർ ആശുപത്രികളിൽ.
തണലായി കാരുണ്യ
ജില്ലയിൽ പ്രതിമാസം 300 മുതൽ 500 പേർ കാരുണ്യ പദ്ധതിയിൽ സഹായത്തിന് അപേക്ഷ നൽകാറുണ്ട് അർഹരായ മുഴുവൻ പേർക്കും ആനുകൂല്യം നൽകിയിരുന്നു. കാൻസർ, ഹൃദയ രോഗം,കരൾ,തലച്ചോറ്,വൃക്ക സംബന്ധമായ രോഗങ്ങൾക്കാണ് സഹായം നൽകിയിരുന്നത്. ഡയാലിസിസിന് ഓരോ തവണയും സഹായം ലഭ്യമാക്കും. അതിന് പ്രത്യേകം അപേക്ഷ നൽകണം. കാരുണ്യ പദ്ധതി പ്രകാരം ഹിമോഫീലിയ രോഗികൾക്ക് പ്രത്യേക കാർഡുകളും നൽകിയിരുന്നു. ഹിമോഫീലിയ രോഗികൾക്കുള്ള മരുന്ന് കേരള മെഡിക്കൽ സർവീസ് കോർപറേഷനാണ് ആശുപത്രികളിൽ എത്തിക്കുന്നത്.