bike

കായംകുളം: വീടിന്റെ പോർച്ചിൽ വച്ചിരുന്ന ബൈക്ക് പെട്രോൾ ഒഴിച്ച് കത്തിച്ചു. ആറ് മാസത്തിന് മുൻപ് ഇതേ പോർച്ചിൽ ഉണ്ടായിരുന്ന മൂന്ന് ബൈക്കുകൾ കത്തിച്ചതിന് പിന്നാലയാണ് വീണ്ടും ബൈക്ക് കത്തിച്ചത്. ആദ്യത്തെ കേസിൽ ഇതുരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പുതിയ സംഭവത്തിൽ കായംകുളം പൊലീസ് അന്വേഷണം തുടങ്ങി.

പത്തിയൂർ പ്ളാമൂട്ടിൽ ജോസിന്റെ വീട്ടിലാണ് സംഭവം. ആദ്യ സംഭവത്തിന് ശേഷം വീട്ടിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. വെളുപ്പിന് മൂന്നരയോടെ മുഖംമൂടി ധരിച്ച ചെറുപ്പക്കാരൻ മതിൽ ചാടിവന്ന് ബൈക്കിൽ പെട്രോൾ ഒഴിക്കുന്നത്

കാമറയി​ൽ നി​ന്ന് വ്യക്തമാണ്. തുടർന്ന് റോഡിലിറങ്ങി ഇയാൾ തീകത്തിച്ച് എറിയുകയായി​രുന്നു. ആളെ തി​രി​ച്ചറി​യാനായി​ട്ടി​ല്ല. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേയ്ക്കും ബൈക്ക് പൂർണമായും കത്തി നശിച്ചിരുന്നു. .

ജെ.സി.ബി ഓപ്പറേറ്ററാണ് ജോസ്. കഴിഞ്ഞ ജനുവരി മൂന്നിനാണ് ഇവിടെ മൂന്ന് ബൈക്കുകൾ കത്തിച്ചത്. പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. കഞ്ചാവ് മാഫിയ ആണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നാണ് പൊലീസ് നി​ഗമനം.