തുറവൂർ : നാട്ടിൽ ക്രമസമാധാന പാലനം നടത്തുന്ന പൊലീസുദ്യോഗസ്ഥർക്കും കുടുംബങ്ങൾക്കും കഴിയാൻ പൊട്ടിപ്പൊളിഞ്ഞ ക്വാർട്ടേഴ്സുകൾ. കുത്തിയതോട് സ്റ്റേഷനിലെ പൊലീസുകാർക്കുള്ള ക്വാർട്ടേഴ്സാണ് ജീർണാവസ്ഥയിലുള്ളത്.

അര നൂറ്റാണ്ടോളം പഴക്കമുണ്ട് ഈ കെട്ടിടങ്ങൾക്ക്. കാട് കയറിയ ക്വാർട്ടേഴ്സ് പരിസരം പാമ്പുകളുടെവിഹാര കേന്ദ്രമായിട്ട് കാലമേറെയായി. ചുറ്റുമതിൽ പലേടത്തും തകർന്നു കിടക്കുകയാണ്. ശുദ്ധജലത്തിന് ദൗർലഭ്യമുള്ള ക്വാർട്ടേഴ്സിൽ ഇതുവരെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കണക്:ഷൻ പോലും ലഭ്യമാക്കിയിട്ടില്ല. ക്വാർട്ടേഴ്സിന്റെ സംരക്ഷണ ചുമതലയുമുള്ള പൊതുമരാമത്ത് വകുപ്പ് ( കെട്ടിടവിഭാഗം) ഉദ്യോഗസ്ഥർ അറ്റകുറ്റപ്പണിയ്ക്ക് എസ്റ്റിമേറ്റെടുത്തു പോകുന്നതല്ലാതെ തുടർ നടപടി ഉണ്ടാകാറില്ലെന്ന് ആക്ഷേപമുണ്ട്. ശോച്യാവസ്ഥ കാരണം ഈ ക്വാർട്ടേഴ്സുകളിൽ താമസിക്കാൻ പൊലീസുകാർ മടിക്കുകയാണ്. പൊലീസുകാർക്കും അവരുടെ കുടുംബങ്ങൾക്കും താമസിക്കാൻ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വിശാലമായ സ്ഥലസൗകര്യമുണ്ടെങ്കിലും സാങ്കേതികത്വം ചൂണ്ടിക്കാട്ടി അതിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ് അധികൃതർ.


11 കെട്ടിടങ്ങളാണ് ക്വാർട്ടേഴ്സിന്റെ ഭാഗമായി ഉള്ളത്.

4 കെട്ടിടങ്ങൾ പൂർണമായി നശിച്ചതിനാൽ പൊളിച്ചു നീക്കണം.

1 കെട്ടിടത്തിൽ രണ്ട് കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം.

5 കുടുംബങ്ങൾ മാത്രമേ ഇപ്പോൾ ഇവിടെ താമസിക്കുന്നുള്ളൂ.

മഴയിൽ ചോരും

കെട്ടിടങ്ങൾ ശോച്യാവസ്ഥയിലായതോടെ താമസക്കാരുടെ എണ്ണം കുറഞ്ഞു. മിക്ക മുറികളുടെയും ഭിത്തികൾ തകർന്ന നിലയിലാണ്. ചെറിയ മഴയിൽ മേൽക്കൂര ചോർന്നൊലിക്കും. പൊലീസുകാരിൽ പലരും സ്വന്തം കൈയിൽ നിന്ന് പണം മുടക്കി അറ്റകുറ്റപ്പണി നടത്തിയാണ് ഇതിൽ കഴിയുന്നത്. സി.ഐ, എസ്.ഐ എന്നിവരുടെ കുടുംബങ്ങൾക്ക് താമസിക്കാൻ പുതിയ ഇരുനില കെട്ടിടങ്ങളുണ്ട്.

''കാലപ്പഴക്കമേറിയ പൊലീസ് ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണിക്കായി​ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് നൽകിയി​ട്ടുണ്ട്. ഫണ്ട് ലഭ്യമായാലുടൻ ജോലികൾ ആരംഭിക്കും. താമസ യോഗ്യമല്ലാത്ത നാല് കെട്ടിടം പൊളിച്ചുനീക്കും

-കെ.എസ്.ഷൈന, അസി.എൻജിനി​യർ.

പൊതുമരാമത്ത് വകുപ്പ് (കെട്ടിടവിഭാഗം),

ചേർത്തല ഡിവിഷൻ.