കുട്ടനാട് : എ.സി റോഡിൽ ഇന്നലെ നാല് മണിക്കൂറിനുള്ളിൽ മൂന്ന് വാഹനാപകടങ്ങളുണ്ടായി. ഉച്ചയ്ക്ക് 1.30ന് മങ്കൊമ്പ് ജംഗ്ഷനിലായിരുന്നു ആദ്യ അപകടം.വനിതകൾ സഞ്ചരിച്ച രണ്ട് ഇരുചക്ര വാഹനങ്ങൾ തമ്മിലാണ് ഇടിച്ചത്. ചങ്ങനാശേരി ഭാഗത്തേക്ക് വരികയായിരുന്നു രണ്ട് വാഹനങ്ങളും. മുന്നിൽ സഞ്ചരിച്ച സ്കൂട്ടർ വേഗത കുറച്ചപ്പോൾ പിന്നാലെ വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. നിസാരപരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു. വൈകിട്ട് മൂന്നോടെ ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന മിനിവാൻ ഒന്നാങ്കര പാലത്തിന് സമീപം പാടത്തേക്ക് മറിഞ്ഞു. വൈകിട്ട് അഞ്ചിന് ഓട്ടോറിക്ഷയ്ക്ക് പിന്നിൽ സ്കൂട്ടർഇടിച്ചായിരുന്നു അടുത്ത അപകടം. ഓട്ടോറിക്ഷ പെട്ടെന്ന് നിറുത്തിയതിനെ തുടർന്ന് അതേദിശയിൽ വരികയായിരുന്ന സ്കൂട്ടർ പിന്നിലിടിച്ചതോടെ ഇരുവാഹനങ്ങളും ചതുപ്പിലേക്ക് പതിച്ചു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.