അരൂർ: കൂട്ടുകാരുമൊത്ത് വള്ളത്തിൽ ഉല്ലാസയാത്ര നടത്തുന്നതിനിടെ റിട്ട. നേവി ഉദ്യോഗസ്ഥൻ കായലിൽ മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു എഴുപുന്ന ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ എരമല്ലൂർ ധന്യാ ഭവനിൽ ധൻരാജ് (35) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ എരമല്ലൂർ കാക്കത്തുരുത്ത് കായലിൽ തെക്കേക്കടവിന് സമീപമാണ് അപകടം. ധൻരാജും മൂന്ന് യുവാക്കളും സഞ്ചരിച്ചിരുന്ന വള്ളം മറിയുകയായിരുന്നു. എരമല്ലൂർ പടിക്കൽ സുധീപ് (32), എടമനക്കടവിൽ നിമോഷ് (31), കരയാംവട്ടം അഖിൽ (24) എന്നിവരാണ് രക്ഷപെട്ടത്. നീന്തൽ അറിയാത്ത അഖിലിനെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടെ കാണാതായ ധൻരാജിനു വേണ്ടി വെള്ളിയാഴ്ച രാത്രി തന്നെ ഫയർഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് ധൻരാജ് നേവിയിൽ നിന്ന്വിരമിച്ചത്. .ഭാര്യ:ലയ. ഏകമകൾ: ഹൃദ്യ.