ആലപ്പുഴ: കുതിരപ്പന്തി സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് അക്രമിച്ച കേസിൽ രണ്ടുപേരെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ബീച്ച് വാർഡ് പുത്തൻ പറമ്പിൽ മുനീർ(24), ഇരവുകാട് വാർഡ് പഞ്ഞിക്കാരൻ വളപ്പിൽ സഞ്ജു മനോജ്(23)എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കുതിരപ്പന്തി പാഞ്ചജന്യം വീട്ടിൽ അർജുനെ(21) സംഭവ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 28ന് പുലർച്ചെയാണ് കുതിരപ്പന്തിയിലുള്ള സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ജനൽ ചില്ലുകളും കൊടിമരങ്ങളും അടിച്ചു തകർത്തത്. അർത്തുങ്കൽ ആയിരം തൈ ഭാഗത്തുനിന്ന് സാഹസികമായാണ് മുനീറിനെയും സഞ്ജുവിനെയും പൊലീസ് പിടികൂടിയത്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മുനീർ ആറ് കവർച്ചക്കേസുകളിലും മയക്കുമരുന്ന് കേസുകളിലും രണ്ട് ഭവനഭേദനക്കേസുകളിലും പ്രതിയാണ്. മുനീറിനെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി അറിയിച്ചു. സഞ്ജുവും അർജുനും രണ്ട് ഭവനഭേദനക്കേസുകളിൽ പ്രതികളാണ്. ആലപ്പുഴ ഡിവൈ.എസ്.പി പി.വി.ബേബിയുടെ നേതൃത്വത്തിൽ സി.ഐ കെ.എൻ.രാജേഷ്, എസ്.ഐ ദ്വിജേഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്