ചേർത്തല: പാചകവാതക സിലിണ്ടറിന്റെ റഗുലേറ്ററിൽ നിന്ന് തീപടർന്ന് ചായക്കട കത്തി നശിച്ചു.തണ്ണീർമുക്കം ബണ്ട് ജംഗ്ഷന് പടിഞ്ഞാറുവശത്തെ ചക്കനാട്ട് എൻ.ഹരിദാസിന്റെ കടയാണ് കത്തി നശിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് അപകടം. ചേർത്തലയിൽ നിന്ന് അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. കടയിലുണ്ടായിരുന്ന രണ്ട് സിലിണ്ടറുകളും അഗ്‌നിശമന സേന പെട്ടെന്ന് മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. പാചകവാതക സിലിണ്ടറിന്റെ റഗുലേറ്ററിന്റെ തകരാറാണ് അപകട കാരണമെന്ന് അഗ്നിശമന സേനാധികൃതർ പറഞ്ഞു. കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു. ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി അധികൃതർ അറിയിച്ചു.