ഹരിപ്പാട്: ഹരിപ്പാട്ടെ 'നിഷാര' എന്ന വീട്ടിൽ ഓരോ ഡോക്ടേഴ്സ് ഡേയും മദേഴ്സ് ഡേ കൂടിയാണ് ! അഞ്ച് ഡോക്ടർമാരും അവരെ വളർത്താൻ
ദുരിതക്കടൽ താണ്ടിയ അമ്മയുമാണ് ഇവിടെ...ഈ മക്കൾക്ക് ഇന്നത്തെ ദിവസം നിറയുന്നത് മാതൃദിനത്തിന്റെ പുണ്യം കൂടിയാണ്.
ഭർത്താവിന്റെ മരണത്തോടെ വന്നുമൂടിയ കടബാദ്ധ്യതയുടെയും പട്ടിണിയുടെയും നടുവിൽ അഞ്ചു മക്കളെയും ഡോക്‌ടർമാരാക്കാൻ ചോര നീരാക്കിയ ജന്മമാണ് ഈ അമ്മ. ഹരിപ്പാട് ഗവ. ആശുപത്രിക്കു സമീപമുള്ള നിഷാരയിൽ ജാസ്‌മിന്റെയും മക്കളായ സിയാന, ജെസ്‌ന, ഷസ്‌ന, സുൾഫിക്കർ, അക്ബർ അലി എന്നിവരുടെയും കഥ ദുരിതക്കയത്തിലെ അതിജീവനത്തിന്റേതാണ്.
വിദേശത്തായിരുന്ന ഭർത്താവ് ലിഖായത്ത് നാട്ടിലെത്തി ഐസ് പ്ളാന്റ് തുടങ്ങിയതോടെയാണ് തുടക്കം. കടം കുന്നുകൂടി. 1999 ആഗസ്റ്റ് 26ന് നെഞ്ചുവേദന ലിഖായത്തിനെ കൂട്ടിക്കൊണ്ടുപോയി. അതോടെ വരുമാനം നിലച്ചു. ലക്ഷങ്ങളുടെ കടബാദ്ധ്യത. മുഴുപ്പട്ടിണി.
മൂത്ത മകൾ ഒൻപതിലും, രണ്ടാമത്തെ മകൾ രണ്ടിലും, ഇളയ മകൾ ഒന്നിലും, ആൺ മക്കൾക്ക് വയസ് രണ്ടും ഒന്നും ആയിരുന്നു. കിട്ടാവുന്നിടത്തു നിന്നെല്ലാം കൈനീട്ടി വാങ്ങി അമ്മ മക്കളെ പഠിപ്പിച്ചു. അതിനിടെ ഇടിത്തീപോലെ ജപ്തി നോട്ടീസ്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കണ്ട് കരഞ്ഞു പറഞ്ഞതോടെ അതു നീട്ടിക്കിട്ടി. മക്കളെ ഒപ്പം നിറുത്താൻ മാർഗമില്ലാതായതോടെ ഹൃദയം പിടയുന്ന വേദനയോടെ അഞ്ചുപേരെയും തൃശൂരിലെ അനാഥാലയത്തിലേക്ക് മാറ്റി. അവിടെ നിന്ന് കുട്ടികൾ മിടുക്കരായി പഠിച്ചു.
മൂത്ത മകൾ സിയാന മെഡിക്കൽ എൻട്രൻസ് ജയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചപ്പോൾ ജാസ്‌മിന്റെ കണ്ണ് നിറഞ്ഞു. സന്നദ്ധ സംഘടനകളുടെയും മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടെ സിയാന പഠനം പൂർത്തിയാക്കി. ഇപ്പോൾ മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഉപരിപഠനം നടത്തുകയാണ്.
സിയാന ഒരു തുടക്കമായിരുന്നു. ചേച്ചിയുടെ വിജയം മറ്റുള്ളവർക്കും പ്രചോദനമായി.
ജെസ്‌ന കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് അവസാന വർഷ വിദ്യാർത്ഥി. ഷസ്‌ന ബി.ഡി.എസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്നു. സുൾഫിക്കർ കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് ഒന്നാം വർഷം. അക്ബർ അലി മംഗലാപുരം ശ്രീനിവാസ് മെഡിക്കൽ കോളേജിൽ ബി.ഡി.എസ് രണ്ടാം വർഷം.
കുട്ടികളുടെ മികവ് കണ്ട് നിരവധി സന്നദ്ധ സംഘടനകളാണ് അവരുടെ ഭാരിച്ച പഠനച്ചിലവ് വഹിക്കുന്നത്.
ഇതിനിടെ മകൻ സുൾഫിക്കർ ട്രെയിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റത് മറ്റൊരു ആഘാതമായി. നീണ്ട ചികിത്സയിലാണ് രക്ഷപ്പെട്ടത്. അതിന്റെ എട്ടു ലക്ഷത്തോളം രൂപ ഇപ്പോഴും കടമുണ്ട്.