ആലപ്പുഴ: കാർട്ടൂൺ വിവാദവുമായി ബന്ധപ്പെട്ട് തെറ്റായ സന്ദേശം നൽകാൻ ചിലർ ശ്രമിക്കുകയാണെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. പിറന്നാൾ ആശംസകൾ നേരാനായി ഗൗരിഅമ്മയുടെ ചാത്തനാട്ടെ വീട്ടിലെത്തിയ മന്ത്രി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
'മാതൃഭൂമിയിലെ ഗോപീകൃഷ്ണൻ വരച്ച 'കടക്ക് പുറത്ത്' എന്ന കാർട്ടൂണിന് ഞങ്ങൾ അവാർഡ് കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യേക രീതിയിൽ ചിത്രീകരിക്കുന്നതായിരുന്നു ആ കാർട്ടൂൺ. അന്ന് മുഖ്യമന്ത്രി തന്നെ അതിന് അവാർഡ് കൊടുത്തു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നത്തിൽ ഏതെങ്കിലും രൂപത്തിലുള്ള നിയന്ത്രണം സർക്കാരോ എൽ.ഡി.എഫോ ആഗ്രഹിക്കുന്നില്ല എന്ന് ഇതിൽനിന്ന് വ്യക്തമാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവും പ്രതിപക്ഷം മൊത്തമായും ചില സാമുദായിക സംഘടനകളും അഭിപ്രായം പ്രകടിപ്പിക്കുകയും ആർച്ച് ബിഷപ്പിന്റെ കത്തു ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുന്നു എന്ന തോന്നൽ ഉണ്ടായതോടെ അത് പരിശോധിക്കേണ്ടതാണെന്ന് പറയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. സർക്കാർ അത് നിർവഹിച്ചു. ഇക്കാര്യം പുനഃപരിശോധിക്കാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുമുണ്ട്. ഇപ്പോൾ പ്രശ്നം നിലനിൽക്കുന്നില്ല. ഏത് അക്കാഡമിയിലും നയപരമായ തീരുമാനം എടുക്കാൻ സർക്കാരിന് അധികാരമുണ്ട്. പക്ഷേ അത്തരം അധികാരമൊന്നും ഇവിടെ ഞങ്ങൾ ഉപയോഗിക്കുന്നില്ല. എല്ലാ അക്കാഡമികളും സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കണം എന്നതാണ് സർക്കാരിന്റെ നയം. പൊലീസ് സംവിധാനം ബ്രിട്ടീഷുകാരുടെ തുടർച്ചയാണ്. മനുഷ്യനെ കൊന്നിട്ട് ശവം കൊടുക്കാത്ത കാലം ഉണ്ടായിരുന്നു. അടിയന്തരാവസ്ഥ കാലത്തും ഇതേ പോലുള്ള സംഭവം ഉണ്ടായിട്ടുണ്ട്. ചിലരുടെ ഭാഗത്തു നിന്ന് ഒറ്റപ്പെട്ട സംഭവം ഇപ്പോഴും ഉണ്ടാകുന്നു. ഇങ്ങനെയുള്ള പൊലീസിനെ നിയന്ത്രിക്കാൻ ശക്തമായ നടപടി സർക്കാർ സ്വീകരിക്കും' -മന്ത്രി പറഞ്ഞു.